ഇന്നുകൂടി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം

08:45am 19/4/2016
download
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാനദിവസം ഇന്ന്. വെള്ളിയാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 29 ആണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനദിനം. വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷത്തോളം പേരെ നീക്കം ചെയ്തിട്ടുണ്ട്. മരിച്ചവരും ഇരട്ടിപ്പു വന്ന പേരുകളുമാണ് ഒഴിവാക്കിയത്. ഇന്നു പേരുചേര്‍ക്കുന്നവരെ കൂടി ചേര്‍ത്താലേ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ കൃത്യമായ എണ്ണം ലഭ്യമാകൂ. പുതുക്കിയ വോട്ടര്‍ പട്ടിക അടുത്തമാസം ആദ്യവാരം പ്രസിദ്ധീകരിക്കും.
ഇപ്പോള്‍ നിലവിലുള്ള വോട്ടര്‍ പട്ടികയില്‍ 2,56,27,620 പേരുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 24.19 ലക്ഷം വോട്ടര്‍മാരാണു കൂടുതല്‍. വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇക്കുറിയും സ്ത്രീകളാണ് മുന്നില്‍, 1,33,01,435 പേര്‍. പുരുഷന്മാര്‍: 1,23,26,185. നിയമസഭാ തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടിക പുതുക്കിയപ്പോള്‍ 3.88 ലക്ഷം പേരാണു പുതിയതായി പട്ടികയിലേക്കു വന്നത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ മണലൂര്‍ നിയമസഭാ മണ്ഡലമാണ് ഒന്നാമത്. ഇവിടെ 2,10,142 വോട്ടര്‍മാരുണ്ട്. കുറവ് എറണാകുളത്താണ്1,50,583 പേര്‍.
140 മണ്ഡലങ്ങളിലായി 21,498 പോളിങ് ബൂത്തുകളാണ് ഇക്കുറി തയാറാക്കുന്നത്. 64 വോട്ടണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും. പോലിസ് സേനാംഗങ്ങളടക്കം 1.5 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കും. 35,946 വോട്ടിങ് യന്ത്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്. വോട്ടിങ് യന്ത്രത്തിലെ ബാലറ്റ് പേപ്പറിലും പോസ്റ്റല്‍ ബാലറ്റിലും സ്ഥാനാര്‍ഥിയുടെ ഫോട്ടോ ഉണ്ടാകും.
വോട്ട് രേഖപ്പെടുത്തിയാലുടന്‍ ഏതു സ്ഥാനാര്‍ഥിക്കാണു വോട്ട് ചെയ്തത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ വോട്ടര്‍ക്കു നേരിട്ടു കാണാനും സൗകര്യമുണ്ട്. കേരളത്തിലെ 10 ജില്ലയിലെ 12 മണ്ഡലങ്ങളിലാണ് ഇത്തവണ വോട്ടര്‍ വെരിഫെയ്ഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പി.എ.ടി വോട്ട് സ്ഥിരീകരണയന്ത്രം) നടപ്പാക്കുന്നത്. ഈ മണ്ഡലങ്ങളിലെ ആകെ 1,650 പോളിങ് സ്‌റ്റേഷനുകളിലേക്കായി 2,065 വി.വി. പാറ്റ് യൂണിറ്റുകള്‍ എത്തിക്കഴിഞ്ഞു. വട്ടിയൂര്‍ക്കാവ്, നേമം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃക്കാക്കര, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് നോര്‍ത്ത്, കണ്ണൂര്‍ (നഗരം) എന്നിവിടങ്ങളിലാണ് ഇതു നടപ്പാക്കുക.
പട്ടികയില്‍ പേരുണ്ടോ എന്നറിയാം
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ സംവിധാനം. (www.ceo.kerala.gov.in). പുറമെ ELE. തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്ന ഫോര്‍മാറ്റില്‍ 54242 എന്ന നമ്പരിലേക്ക് എസ്.എം.എസ്. ചെയ്താല്‍ ബൂത്ത് അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാകും. 1950 എന്ന ടോള്‍ ഫ്രീ കോള്‍ സെന്ററില്‍ വിളിച്ചാലും വിവരം ലഭ്യമാകും.