ഇന്ന് അഷ്ടമിരോഹിണി;നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിക്കും.

10:27 am 24/08/2016
download
തിരുവനന്തപുരം: ശ്രീകൃഷ്ണന്‍െറ ജന്മദിനമായ അഷ്ടമിരോഹിണി നാളില്‍ സംസ്ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ജയന്തി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് വിവിധ ക്ഷേത്രസമിതികളുടെയും ഇതരസംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശോഭായാത്രയും സംഘടിപ്പിക്കും.

അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. ബാലന്മാര്‍ ഉണ്ണിക്കണ്ണന്‍െറ വേഷപ്പകര്‍ച്ചയുമായാണ് ശോഭായാത്രയില്‍ പങ്കെടുക്കുന്നത്. ഗുരുവായൂര്‍, അമ്പലപ്പുഴ, രവിപുരം, തമ്പലക്കാട്, തൃച്ചംബരം, തിരുവമ്പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ചിന്ത്രമംഗലം, ഏവൂര്‍, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മാമ്പുള്ളി, കൊടുന്തറ, ഉഡുപ്പി തുടങ്ങിയ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും സംഘടിപ്പിക്കും.

തലസ്ഥാനത്ത് നെയ്യാറ്റിന്‍കര, മലയിന്‍കീഴ്, പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിലാണ് പ്രധാനചടങ്ങുകള്‍ നടക്കുക. ഗതാഗതക്കുരുക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പലയിടങ്ങളിലും പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.