ബി.ജെ.പി സമ്മേളനം: മോദി രണ്ടു ദിവസം കോഴിക്കോട്ട്

10:30 AM 24/08/2016

കോഴിക്കോട്: കേരളത്തില്‍ ആദ്യമായി നടക്കുന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗങ്ങള്‍ വിജയിപ്പിക്കാന്‍ കോഴിക്കോട്ട് തകൃതിയായ ഒരുക്കങ്ങള്‍. സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ നടക്കുന്ന സമ്മേളനത്തില്‍ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍, ബി.ജെ.പി മുഖ്യമന്ത്രിമാര്‍, ജില്ലാ പ്രസിഡന്‍റുമാര്‍ തുടങ്ങി പാര്‍ട്ടിയുടെ വിവിധ ശ്രേണികളിലുള്ള നേതാക്കള്‍ സമ്മേളനത്തിനത്തെും. 23ന് കടവ് റിസോര്‍ട്ടില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയിലാണ് ദേശീയ എക്സിക്യൂട്ടിവ് ചേരുക. ദേശീയ കൗണ്‍സില്‍ യോഗം 25ന് സ്വപ്നനഗരിയിലാണ്. 1700 പ്രതിനിധികള്‍ കൗണ്‍സിലില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി 24, 25 തീയതികളിലാണ് കോഴിക്കോട്ടുണ്ടാകുക. 25ന് വൈകീട്ട് കടപ്പുറത്തു നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. ആറു ജില്ലകളിലെ ബി.ജെ.പി പ്രവര്‍ത്തകരാണ് പൊതുസമ്മേളനത്തിനത്തെുക. പിറ്റേന്ന് ദേശീയ കൗണ്‍സിലില്‍ പങ്കെടുത്ത ശേഷം നരേന്ദ്ര മോദി മടങ്ങും.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ജനറല്‍ കണ്‍വീനറായ സംഘാടക സമിതിയാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. അകെ 36 കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇതില്‍ 18 കമ്മിറ്റികളുടെ വീതം പൊതുചുമതല എം.ടി. രമേശും കെ. സുരേന്ദ്രനും നിര്‍വഹിക്കും. കല്ലായി റോഡിലാണ് സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

സമ്മേളനത്തിന് മുന്നോടിയായി ബി.ജെ.പിയുടെ ചരിത്രം, പൊതു രാഷ്ട്രീയ ചരിത്രം എന്നിവ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് മാധ്യമ വിഭാഗം കണ്‍വീനര്‍ ജെ.ആര്‍. പത്മകുമാര്‍ പറഞ്ഞു