ഇന്ന് ജയിച്ചാല്‍ ബാഴ്സക്ക് ലാലിഗ കിരീടം

03:50 PM 14/05/2016
images

മഡ്രിഡ്: ഒമ്പതു മാസം നീണ്ട പോരാട്ടത്തിനുശേഷം സ്പാനിഷ് ഫുട്ബാള്‍ ചക്രവാളത്തില്‍നിന്ന് ലാ ലിഗ മായുമ്പോള്‍ ആരാധകരുടെ മനസ്സുനിറയെ ബാഴ്സലോണയും റയല്‍ മഡ്രിഡും മാത്രം. ലീഗിലെ പുതു ചാമ്പ്യന്മാര്‍ ആരെന്നു നിശ്ചയിക്കുന്ന ദിനത്തില്‍ ബാഴ്സയും റയലും ഒരേസമയം രണ്ടു കളത്തില്‍ പന്തുതട്ടാനിറങ്ങും. പരസ്പരം പോടിക്കുന്ന എല്‍ക്ളാസികോയുടെ അതേ വീറോടെ രണ്ടു സ്റ്റേഡിയങ്ങളിലെ മത്സരങ്ങള്‍ക്കൊപ്പം ആരാധകഹൃദയവും തുടിക്കും. എവേ മാച്ചില്‍ ഗ്രനഡയാണ് ബാഴ്സലോണയുടെ എതിരാളി. റയല്‍ ഡിപോര്‍ട്ടിവോ ലാ കൊരൂനയെയും നേരിടും.
തുടര്‍ച്ചയായി രണ്ടാം വട്ടവും കിരീടമണിയാനൊരുങ്ങുന്ന ബാഴ്സലോണയോ അതോ, മൂന്നു വര്‍ഷത്തിനുശേഷം ചാമ്പ്യന്‍പട്ടം ലക്ഷ്യമിടുന്ന റയല്‍ മഡ്രിഡോ. ആരാവും പുതു സീസണിന്‍െറ ചാമ്പ്യന്‍ ക്ളബ്?

88 പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണ ജയിച്ചാല്‍ ആശങ്കകളൊന്നുമില്ലാതെ ലയണല്‍ മെസ്സിയും സംഘവും ലാ ലിഗയില്‍ 24ാം കിരീടമുയര്‍ത്തും. ഒരു പോയന്‍റ് മാത്രം പിന്നിലുള്ള റയല്‍ മഡ്രിഡിന് (87) ജയിച്ചാല്‍ മാത്രം പോരാ. ബാഴ്സലോണ സമനിലയില്‍ കുരുങ്ങുകയോ തോല്‍ക്കുകയോ വേണം. എങ്കില്‍ സിനദിന്‍ സിദാന്‍-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സംഘം 2012 സീസണിനുശേഷം ആദ്യ ലാ ലിഗ കിരീടത്തില്‍ മുത്തമിടും. അവസാന ലാപ്പിലെ ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ കിരീടപ്പോരാട്ടത്തില്‍നിന്ന് മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ മഡ്രിഡ് കഴിഞ്ഞ മത്സരത്തിലെ തോല്‍വിയോടെ പുറന്തള്ളപ്പെട്ടിരുന്നു. ബാഴ്സക്കു പിന്നില്‍ രണ്ടാമതായിരുന്ന അത്ലറ്റികോയെ ലെവാന്‍െറയോടേറ്റ തോല്‍വിയാണ് (2-1) ഫൈനല്‍ അങ്കത്തില്‍നിന്ന് പുറത്താക്കിയത്. അതേസമയം, ബാഴ്സലോണ എസ്പാന്യോളിനെ 5-0ത്തിനും റയല്‍ മഡ്രിഡ് വലന്‍സിയയെ 3-2നും തോല്‍പിച്ചു.

സീസണിലെ ടോപ് സ്കോററായി മാറിയ ലൂയി സുവാരസിന്‍െറ ഫോമാണ് ബാഴ്സയുടെ ആത്മവിശ്വാസം. ലയണല്‍ മെസ്സിയും നെയ്മറും ലക്ഷ്യംകണ്ടുതുടങ്ങിയതോടെ കറ്റാലന്മാരുടെ ചാമ്പ്യന്‍ഷിപ് സ്വപ്നങ്ങള്‍ക്ക് ഇരട്ടി തിളക്കവുമായി. നേരത്തേ ഹോം ഗ്രൗണ്ടില്‍ ഗ്രനഡക്കെതിരെ മറുപടിയില്ലാത്ത നാലു ഗോളിനായിരുന്നു ബാഴ്സയുടെ ജയം. ഡിപോര്‍ട്ടിവോക്കെതിരെ ആദ്യ പാദത്തില്‍ 5-0ത്തിന് ജയിച്ച റയല്‍ ഇന്നും അതേ മാര്‍ജിന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഗ്രനഡയില്‍ അട്ടിമറിക്കായുള്ള പ്രാര്‍ഥനയിലാണ്. അത്ലറ്റികോ മഡ്രിഡ് സെല്‍റ്റി വിഗോയെ നേരിടും. തരംതാഴ്ത്തലിന്‍െറ വക്കിലുള്ള സ്പോര്‍ട്ടിങ് ജിയോണ്‍, റിയോ വയ്യെകാനോ, ലെവാന്‍െറ ടീമുകള്‍ ഞായറാഴ്ച കളത്തിലിറങ്ങും.