ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

10-10-2016 01.56 AM
kolidbl_0901016
ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ 5വിക്കറ്റിന് 557 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. വിരാട് കോഹ്ലിയുടെ ഇരട്ടസെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയും ബലംപകര്‍ന്ന ഇന്ത്യന്‍ ഇന്നിങ്‌സില്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി സ്വന്തമാക്കി. രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ന്യുസിലന്‍ഡ് വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സ് എടുത്തിട്ടുണ്ട്.
വിരാട് കോഹ്ലിയുടെ മിന്നും പ്രകടനത്തിന്റെയും അജിങ്ക്യ രഹാനെയുടെ ഉറച്ച പിന്തുണയുടെയും പിന്‍ബലത്തില്‍ ടീം ഇന്ത്യ ഇന്‍ഡോര്‍ ടെസ്റ്റിന്റെ രണ്ടാം ദിനവും സ്വന്തമാക്കി. കഴിഞ്ഞ കുറേക്കാലമായി തുടരുന്ന റണ്‍വരള്‍ച്ചയ്ക്ക് വിരാമമിടാന്‍ ഇതിലും നല്ല രീതികള്‍ ഇല്ലെന്നു തന്നെ പറയേണ്ടിവരും. 2013 ഫെബ്രുവരിയില്‍ സെഞ്ചുറി നേടിയതിനു ശേഷം കോഹ്ലി ഇന്ത്യയില്‍ നേടുന്ന ആദ്യ സെഞ്ചുറിയ്ക്ക് ഇനി ഇരട്ട ശതകത്തിന്റെ തിളക്കവുമുണ്ട്. ഇന്‍ഡോറില്‍ കോഹ്ലി നേടിയത് തന്റെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയാണ്. മികച്ച പന്തുകളെ പ്രതിരോധിച്ചും മോശം ബോളുകളെ ബൗണ്ടറി ലൈന്‍ കടത്തിയും മിന്നും പ്രകടനമാണ് കോഹ്ലി നടത്തിയത്.
347 പന്തില്‍ നിന്ന് 18 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോഹ്ലി 200 തികച്ചത്. നായകനെന്ന നിലയില്‍ രണ്ടു ഇരട്ട ശതകങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോഹ്ലി. 2016ല്‍ തന്നെയാണ് രണ്ട് ഇരട്ടസെഞ്ചുറികളും പിറന്നതെന്നത് നേട്ടത്തിന്റെ മധുരവും ഇരട്ടിയാക്കുന്നു. ആന്റിഗ്വയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ആദ്യ ഡബിള്‍. കോഹ്ലിയ്ക്ക് മികച്ച പിന്തുണയുമായി അജിങ്ക്യ രഹാനെയും നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് പ്രശ്‌നങ്ങളില്ലാതെ ചലിച്ചു. 161 റണ്‍സ് നേടിയ രഹാനെയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 342 പന്തുകള്‍ നേരിട്ട രഹാനെ 14 ബൗണ്ടറികളുടെയും നാലു സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 161ല്‍ എത്തിയത്.