ഇമ്മാനുവൽ മാർത്തോമ ചർച്ച് ‘ഇന്ത്യാ ഫെസ്റ്റ് 2016’- ഒക്ടോബർ 29 ശനിയാഴ്ച

11:49 AM 20/10/2016

പി. പി. ചെറിയാന്‍

unnamed

ഹൂസ്റ്റൺ ∙ഇമ്മാനുവൽ മാർത്തോമ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2016’ ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 9 വരെ നീളുന്ന ഇന്ത്യാ ഫെസ്റ്റ് പരിപാടികൾ സ്റ്റാഫോർഡിലുളള ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിന്റെ വിശാലമായ പരിസരത്തുവച്ചാണ് നടത്തപ്പെടുന്നത്. പാരമ്പര്യ തനിമ വിടാതെ ഗൃഹാതുരത്വ ചിന്തകളെ തട്ടിയുണർത്തുന്നവിധം വിവിധ പരിപാടികളാണ് െഫസ്റ്റിന് ഒരുക്കിയിരിയ്ക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വർണ്ണപ്പകിട്ടാർന്ന പരിപാടികൾ ഇന്ത്യാ ഫെസ്റ്റിന് മാറ്റുകൂട്ടും. ഹൂസ്റ്റണിലെ പ്രമുഖ കലാപ്രതിഭകൾ വിവിധ കലാപരിപാടികളുമായി മാറ്റുരയ്ക്കുന്ന ഇന്ത്യാ ഫെസ്റ്റിൽ കൾച്ചറൽ പ്രോഗ്രാമുകൾ, ഫാൻസിഡ്രസ്, ഫാഷൻ ഷോ, മിമിക്രി, ഫെയ്സ് പെയന്റിംഗ്, ഹൂസ്റ്റണിലെ പ്രശസ്ത ഡാൻസ് ഗ്രൂപ്പുകളുടെ നൃത്തം, ഗാനങ്ങൾ തുടങ്ങിയവ അരങ്ങേറും ഇന്ത്യയിലെ വിവിധ രുചിഭേദങ്ങളുടെ കലവറ ഒരുക്കി വിവിധ ഭക്ഷണ സ്റ്റാളുകൾ ഇന്ത്യാ ഫെസ്റ്റിനെ ആകർഷകമാക്കും.

അന്നേ ദിവസം വൈകുന്നേരം 7 മുതൽ ടെക്സസിലെ പ്രശസ്ത മ്യൂസിക് ട്രൂപ്പായ ‘വോയ്സ് ആന്റ് ബീറ്റ്സിന്റെ ഗാനമേളയിൽ ശ്രുതിമധുരമായ ഗാനങ്ങളുമായി ഗായകർ വേദി കീഴ്ടക്കുമ്പോൾ ഇമ്മാനുവൽ പരിസരം സംഗീത സാന്ദ്രമാകും. ഇന്ത്യാ ഫെസ്റ്റിന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. ഈ മേളയിൽ നിന്നും ലഭിയ്ക്കുന്ന വരുമാനം ഇടവകയുടെ ബിൽഡിങ് ഫണ്ടിനും ജീവകാരുണ്യ പദ്ധതികൾക്കുമായി ഉപയോഗിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണിലെ എല്ലാ പ്രവാസി മലയാളികളെയും ജാതി മത ഭേദമന്യേ ഒക്ടോബർ 29ന് നടക്കുന്ന ഈ മഹാമേളയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജനറൽ കൺവീനർ സബാൻ സാം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : സബാൻ സാം (ജനറൽ കൺവീനർ): 713 392 9879