ഇറ്റലിയില്‍ വന്‍ ഭൂകമ്പം; ചരിത്രപ്രസിദ്ധമായ സെന്റ് ബനഡിക്ട് ബസിലിക്ക തകര്‍ന്നുവീണു

09:45 am 31/10/2016

Newsimg1_98453291
നോര്‍ദ: ഇറ്റലിയില്‍ 36 വര്‍ഷത്തിനുശേഷം ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തില്‍ ചരിത്രപ്രസിദ്ധമായ സെന്റ് ബനഡിക്ട് ബസിലിക്ക തകര്‍ന്നുവീണു. രണ്ടു മാസമായി ഭൂചലനം ആവര്‍ത്തിക്കുന്ന മധ്യ ഇറ്റലിയിലാണ് ഇന്നലെ 6.6 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. നോര്‍സിയ പട്ടണത്തിനടുത്ത് അര കിലോമീറ്റര്‍ മാത്രം ആഴത്തിലാണ് രാവിലെ 7.40നു ഭൂചലനം ഉണ്ടായത്. രാജ്യമാകെ അനുഭവപ്പെട്ട പ്രകമ്പനം ജനങ്ങളെ ഭയചകിതരാക്കി. ഓഗസ്റ്റ് 24നുണ്ടായ ഭൂകമ്പത്തില്‍ (തീവ്രത 6.2) 300 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തവണ 20 പേര്‍ക്കു പരുക്കേറ്റു.

സാന്ത മരിയ കത്തീഡ്രല്‍ അടക്കം ഏതാനും ദേവാലയങ്ങളും അനേകം കെട്ടിടങ്ങളും തകര്‍ന്നു. ബനഡിക്ടൈന്‍ സന്യാസിസമൂഹത്തിന്റെ സ്ഥാപകനായ സെന്റ് ബനഡിക്ടിന്റെയും സഹോദരിയായ സെന്റ് സ്‌കൊളാസ്റ്റിക്കയുടെയും വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തു 14–ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബസിലിക്കയാണ് തകര്‍ന്നടിഞ്ഞത്. 480ല്‍ ജനിച്ച ഇരുവര്‍ക്കുമായി എട്ടാം നൂറ്റാണ്ടില്‍ തന്നെ ഇവിടെ ആരാധനാലയം നിര്‍മിച്ചിരുന്നു. വര്‍ഷം തോറും 50,000 തീര്‍ഥാടകര്‍ എത്തുന്ന ഈ ദേവാലയം ബനഡിക്ടൈന്‍ സന്യാസിസമൂഹമാണ് സംരക്ഷിച്ചുപോന്നിരുന്നത്.

600 വര്‍ഷം പഴക്കമുള്ള ബസിലിക്കയുടെ മുന്‍ഭാഗം മാത്രമേ നിലംപറ്റാതെ ബാക്കിനില്‍ക്കുന്നുള്ളൂ. തകര്‍ന്ന സാന്ത മരിയ കത്തീഡ്രല്‍ പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ്