ഇവരും സ്ത്രീയോ? 6 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സ്ത്രീ അറസ്റ്റില്‍

07:04 am 8/6/2017

ക്വലാലംപൂര്‍: ഇവള്‍ സ്ത്രീവര്‍ഗ്ഗത്തിനു തന്നെ അപമാനം. മലേഷ്യയില്‍ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടതോടെ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണാനാവുക.

കുട്ടി ഭക്ഷണം കഴിച്ചപ്പോള്‍ അറിയാതെ കുറച്ചു ഭക്ഷണം പാത്രത്തിനു വെളിയില്‍പ്പോയി. ഇതുകണ്ടുകൊണ്ടു വന്ന സ്ത്രീ വടിയെടുത്ത് കുഞ്ഞിനെ കലി തീരുംവരെ അവര്‍ തല്ലി. അലറിക്കരഞ്ഞുകൊണ്ട് കുട്ടി കുതറി മാറാന്‍ ശ്രമിച്ചപ്പോഴും അവര്‍ കുട്ടിയെ വീണ്ടും ഉപദ്രവിച്ചു. ഒടുവില്‍ കുഞ്ഞ് അവരുടെ അടുത്തു നിന്ന് ഓടി ഒളിക്കാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിന്റെ മേല്‍വസ്ത്രം ഊരുകയും മറ്റൊരു വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.

സ്ത്രീയെ ഭയന്ന് അടുത്തു വരാന്‍ കുട്ടിമടിച്ചപ്പോള്‍ അതിനെ വലിച്ചടുപ്പിച്ച് ഭിത്തിയോട് ചേര്‍ത്തു ചവിട്ടുകയും ഭിത്തിയിലേക്കു പിടിച്ചു തള്ളുകയും ചെയ്തു. ആരാണ് വിഡിയോ പകര്‍ത്തിയത് എന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങളില്ലെങ്കിലും ഇന്ത്യയിലും മലേഷ്യയിലും സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിക്കപ്പെട്ടു. തുടര്‍ന്നാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് സ്ത്രീയെ അറസ്റ്റു ചെയ്തത്.

രണ്ടു മിനിറ്റ് 49 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഇപ്പോള്‍ യുട്യൂബ് നീക്കം ചെയ്തു.