ഇസ്ലാമെന്നാല്‍ തീവ്രവാദമല്ല -ഉമര്‍ അബ്ദുല്ല

2:40pm 28/06/2016
download
ശ്രീനഗര്‍: ഇസ്ലാമെന്നാല്‍ തീവ്രവാദമല്ളെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. പോംപാര്‍ ഭീകാരാക്രമണത്തിന്‍്റെ പശ്ചാത്തലത്തില്‍ ‘മുസ്ലിമെന്ന നിലയില്‍ ലജ്ജിക്കുവെന്ന’ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.ആര്‍.പി.എഫ് ജവാന്‍മാരുടെ വീരമൃത്യു നല്‍കിയ ദു:ഖത്തിനു ശേഷം മറ്റൊരു ദുരന്തം കൂടി സംഭവിച്ചിരിക്കുകയാണ്. അത് മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവനയാണ്. ‘ഇസ്ലാമെന്നാല്‍ ഭീകരവാദമാണെന്ന ഡല്‍ഹിയിലുള്ള ചിലരുടെ പ്രചാരണത്തിന്‍്റെ ഭാഗമാകാനാണ് മെഹബൂബ ശ്രമിക്കുന്നത്.

മെഹബൂബയുടെ അതിരു കടന്ന ദേശീയതയോടോ പുരോഗമനവാദത്തോടോ തനിക്ക് എതിര്‍പ്പില്ല. ഇസ്ലാമെന്നാല്‍ തീവ്രവാദമെന്ന് വാദിക്കുന്ന ബി.ജെ.പിയുടെ സഖ്യകക്ഷിയായതു മൂലമുള്ള നിര്‍ബന്ധ പ്രേരണയാണ് അവരുടെ പ്രസ്താവനക്ക് പിന്നില്‍. എന്നാല്‍ അവര്‍ക്ക് കുറേ കാര്യങ്ങള്‍ മായ്ച്ചുകളയാനും തെളിയിക്കാനും തെളിവുകളില്ലാതാക്കാനുമുണ്ട്. തികഞ്ഞ ആര്‍ജവത്തോടെ കരുത്തുറ്റ പ്രതിപക്ഷമായി വര്‍ത്തിച്ച മെഹബൂബക്ക് നിരവധി പൊളിച്ചെഴുത്തുകളും മാറ്റങ്ങളും അനിവാര്യമാണ്.

കശ്മീരില്‍ മെഹബൂബക്കുള്ള പ്രതിച്ഛായയും അവരില്‍ നിന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നതും സമമായി കൊണ്ടുപോകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മുസ്ലിമെന്ന നിലയില്‍ ഖേദം പ്രകടിപ്പിക്കുന്ന ദേശീയവാദിയായ മെഹബൂബയുടെ ശബ്ദമാണ് ഡല്‍ഹിക്ക് ആവശ്യമെന്നും ഉമര്‍ അബ്ദുല്ല തന്‍്റെ ലേഖനത്തിലൂടെ തുറന്നടിക്കുന്നു.