08:16 am 9/5/2017
ചെന്നൈ: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശർമിള വിവാഹിതയാകുന്നു. ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോയുമായുള്ള വിവാഹം ഈ വർഷം ജൂലൈ അവസാനത്തോടെ ഉണ്ടാകുമെന്ന് ഇറോം അറിയിച്ചു. തമിഴ്നാട്ടിൽ വച്ച് നടത്തുന്ന വിവാഹത്തിന്റെ തീയതി ഇനിയും തീരുമാനിച്ചിട്ടില്ലെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തിൽ ഇറോം പറഞ്ഞു.
വിവാഹിതയാകാനുള്ള തീരുമാനത്തെ കുറിച്ച് അമ്മയോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ഇറോം പറഞ്ഞു. ഉടൻതന്നെ അമ്മയെ വിവരം അറിയിക്കണമെന്നും സുഹൃത്തുകളെ ക്ഷണിക്കണമെന്നും ഇറോം കൂട്ടിച്ചേർത്തു. വിവാഹ ശേഷം തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കാനാണ് ഇറോമിന്റെ ആലോചന.
കഴിഞ്ഞ മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് ശേഷം ഇറോം രാഷ്ട്രീയം ഉപേക്ഷിച്ചിരുന്നു. പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് എന്ന പുതുപാർട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തൗബാൽ മണ്ഡലത്തിൽ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ജനവിധി തേടിയത്. എന്നാൽ നോട്ടയ്ക്ക് പിന്നിലായി വലിയ നാണക്കേടാണ് ഏറ്റുവാങ്ങിയത്.