ഉടമ അറിഞ്ഞില്ല; മൊബൈൽ ഫോണിലെത്തിയത് 8 ലക്ഷം രൂപയുടെ റീചാർജ്ജ് !

05:30 pm 20/11/2016
images (2)

കൊല്ലം: ഉടമകൾ അറിയാതെ മൊബൈൽ ഫോണുകളിൽ വൻതുകയുടെ റീചാർജാർജ് ചെയ്യപ്പെടുന്നു. പത്തനാപുരം സ്വദേശിയുടെ ഫോണിൽ കഴിഞ്ഞ ദിവസം ലഭിച്ചത് എട്ട് ലക്ഷം രൂപയുടെ റിച്ചാർജ്. ഓൺലൈൻ പണമിടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കുന്ന സംഘമാണോ ഇതിന് പിന്നിലെന്നും സംശയം.
നവംബർ പതിനൊന്നിനാണ് പത്തനാപുരം സ്വദേശി മുഹമ്മദ് സിദ്ധീഖിന്റെ ഫോൺ നമ്പരിൽ എട്ട് ലക്ഷത്തി എൺപത്തി എണ്ണായിരത്തി അഞൂറ്റിപതിനഞ്ച് രൂപയുടെ ഒറ്റത്തവണ റീചാർജ് നടന്നിരിക്കുന്നത്. കഴി‌ഞ്ഞ ദിവസം സിദ്ധീഖ് 69 രൂപ റീചാർജ് ചാർജ് ചെയ്തിരുന്നു. ഇത് പരിശോധിക്കുന്നതിനിടയിലാണ് ഈ ഭീമൻ തുകയുടെ റീചാർജ് തന്റെ ഫോണിൽ നടന്ന വിവരം മനസിലായത്. സാധാരണ ഫോൺ റീചാർജ് ചെയ്യുമ്പോൾ മെസേജ് ലഭിക്കുന്നതാണ്. എട്ടു ലക്ഷം രൂപയുടെ റീചാർജ് നടന്ന വിവരം മെസേജായി വന്നില്ല. ഫോണിലെ റീചാർജ് ഹിസ്റ്ററി പരിശോധിച്ചപ്പഴാണ് ഇത് അറിഞ്ഞത്. സംഭവത്തെകുറിച്ച് കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ മറുപടിയും തൃപ്തികരമായിരുന്നില്ല.
സമാനമായ രീതിയിൽ പലരുടെ ഫോണിലും വൻ തുകയുടെ റീചാർജ് നടന്നിട്ടുണ്ട്. ഇങ്ങിനെ നടന്ന റീചാർജുകൾ ഒന്നും തന്നെ മസേജായി വന്നിട്ടില്ല. മറ്റു ദിവസങ്ങളിൽ നടന്ന റീചാർജ് രേഖകളിലൊന്നും പിശകില്ല. നോട്ട് പിൻവലിക്കൽ തീരുമാനം വന്നതിന് ശേഷമാണ് പല റീചാർജുകളും നടന്നത്. അതിനാ‍ല്‍ കള്ളപ്പണം വെളിപ്പിക്കുകയോണോ എന്ന സംശയമാണ് വർദ്ധിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു നിർദേശവും ലഭിച്ചിട്ടില്ലന്ന് മൊബൈൽ കമ്പനി ജീവനക്കാർ പറഞ്ഞു.