കേന്ദ്രസർക്കാർ തീരുമാനത്തെ അഗ്​നിപരീക്ഷണമെന്ന്​ വിശേഷിപ്പിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി.

07:33 pm 20/11/2016

download (1)
ആഗ്ര: രാജ്യത്ത്​ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ അഗ്​നിപരീക്ഷണമെന്ന്​ വിശേഷിപ്പിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട്​ മാറ്റമെന്ന അഗ്നിപരീക്ഷണത്തെ രാജ്യം ജയിച്ച്​ മുന്നേറും. നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന്​ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് വെറുതേയാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗ്രയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കാര്യങ്ങൾ ശരിയാകാൻ കാലതാമസമെടുക്കുമെന്ന്​ തീരുമാനം പ്രഖ്യാപിക്കുന്നതിനൊപ്പം താൻ സൂചിപ്പിച്ചിരുന്നു. 50 ദിവസത്തിനുള്ളിൽ കാര്യങ്ങളെല്ലാം സാധാരണഗതിയിലാകും. എന്നാൽ വെറും 10 ദിവസത്തിനുള്ളിൽ 5,000 കോടി രൂപയാണ്​ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടത്​. വിപണിയിൽ ഒഴുകുന്ന പണമാണ്​ ഇത്തരത്തിൽ നിക്ഷേപമാക്കപ്പെട്ടത്​. രാജ്യത്തെ വരും തലമുറയുടെ നല്ല ഭാവിക്കു വേണ്ടിയാണ്​ ഇൗ തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

500,1000 രൂപ നോട്ടുകൾ കള്ളപ്പണക്കാരും കള്ളനോട്ടുകാരും മയക്കുമരുന്നു സംഘങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ട്​. നോട്ടുകൾ പിൻവലിച്ചത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ആ തീരുമാനത്തിലൂടെ നിരവധി കള്ളപ്പണക്കാരാണ് പരാജയപ്പെടുന്നത്. സത്യസന്ധരായ ജനങ്ങളെ സഹായിക്കാനാണ് സർക്കാർ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാർ തീരുമാനത്തിൽ ജനങ്ങൾക്ക് അസൗകര്യമുണ്ടായേക്കുമെന്ന് പറഞ്ഞിരുന്നു, എന്നിട്ടും ആ തീരുമാനത്തെ പിന്തുണക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നു. 2022 ഒാടെ രാജ്യത്തെ എല്ലാ ജനങ്ങൾക്കും വീടെന്ന സ്വപ്​നം പൂർത്തിയാക്കുമെന്നും മോദി പറഞ്ഞു.