ഉത്തരാഖണ്ഡില്‍ മെയ് പത്തിന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി

03:27pm 6/5/2016
download (1)

ന്യൂഡല്‍ഹി:രാഷ്ട്രപതി ഭരണം തുടരുന്ന ഉത്തരാഖണ്ഡില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അതനുസരിച്ച് മെയ് പത്തിന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. അതേ സമയം,പുറത്താകപ്പെട്ട ഒമ്പത് വിമത എം.എല്‍.എമാര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പറ്റില്‌ളെന്ന് കോടതി വ്യക്തമാക്കി. വിശ്വാസ വോട്ടെപ്പിന് വേണ്ടി 10 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ രാഷ്ട്രപതി ഭരണം പിന്‍വലിക്കണം.

സഭാ നടപടികള്‍ ക്യാമറയില്‍ പകര്‍ത്താനും വോട്ടെടുപ്പിന്റെ ഫലം മുദ്ര വെച്ച കവറില്‍ സുപ്രീം കോടതിയില്‍ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ഡി.ജി.പി.യും സുരക്ഷ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കണമെന്നും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. മാര്‍ച്ച് 18 ന് ഹരീഷ് റാവത്ത് മന്ത്രിസഭയിലെ ഒമ്പത് കോണ്‍ഗ്രസ്സ് എം.എല്‍.എമ്മാര്‍ ബി.ജെ.പി ക്കൊപ്പം ചേര്‍ന്നതാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉണ്ടാക്കിയത്. മാര്‍ച്ച് 27 നായിരുന്നു കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി രാഷ്ട്രപതി ഭരണം റദ്ദാക്കി.ഇതിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അപ്പീല്‍ അനുവദിച്ച സുപ്രീം കോടതി രാഷ്ട്രപതി ഭരണം തുടരാന്‍ അനുമതി നല്‍കി.കൂടാതെ കോടതി മേല്‍നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം തേടുകയും ചെയ്തു. ഈ നിര്‍ദേശമാണ് കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്.