ഉമ്മന്‍ചാണ്ടിയുടെ പത്രികയില്‍ ആക്ഷേപം

01:20pm. 30/4/2016
images (4)

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എല്‍.ഡി.എഫും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാജിയും ആക്ഷേപം ഉന്നയിച്ചു. തന്റെ പേരില്‍ പൂര്‍വ്വിക സ്വത്ത് ഇല്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പത്രികയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ 51 സെന്റ് കാര്‍ഷിക ഭൂമി പൂര്‍വ്വിക സ്വത്തായി ലഭിച്ചിട്ടുണ്ടെന്ന് ജെയ്ക് സി തോമസിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് ആരോപിച്ചു. 2011ലും മുന്‍പും നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പൂര്‍വ്വിക സ്വത്തില്ലെന്നാണ് ഉമ്മന്‍ ചാണ്ടി കാണിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.
പുതുപ്പള്ളി പഞ്ചായത്തില്‍ പെട്ട 56 സെന്റ് കാര്‍ഷിക ഭൂമി ഉമ്മന്‍ ചാണ്ടിയുടെ പേരിലുണ്ട്. ഇതില്‍ അഞ്ച് സെന്റ് 2006ല്‍ വില്‍പ്പന നടത്തി. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. വില്‍പ്പന നടത്തിയ ആധാരത്തില്‍ ഒറിജിനല്‍ പകര്‍പ്പ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ഏജന്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സ്വത്തുണ്ടെന്ന് കാണിക്കുന്ന രേഖകളും എതിരാളികള്‍ സമര്‍പ്പിച്ചു.
അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ പത്രിക സ്വീകരിക്കുന്നതായി വരണാധികാരി അറിയിച്ചു. സ്ഥനാര്‍ത്ഥിയുടെ ഒപ്പിലെ കൃത്യത പോലെയുള്ള കാര്യങ്ങളാണ് വരണാധികാരി പരിശോധിക്കുന്നതെന്നും കൂടുതല്‍ ഗൗരവമുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും വരണാധികാരി അറിയിച്ചു.
എതിര്‍ കക്ഷികളുടെ പരാതിയും സ്വീകരിക്കും. പരാതി സ്വീകരിച്ചതായും എഴുതി ഒപ്പിട്ട് നല്‍കും. വരണാധികാരിക്കെതിതെ തെരഞ്ഞെടുപ്പ് കമ്മിഷനെയും കോടതിയേയും സമീപിക്കുമെന്നും എല്‍.ഡി.എഫ് അറിയിച്ചു.
അതിനിടെ, മലമ്പുഴയില്‍ വി.എസ് അച്യൂതാനന്ദന്‍ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് സംബന്ധിച്ച സത്യവാങ്മൂലത്തിലും ആക്ഷേപം ഉയര്‍ന്നു. 1999ല്‍ ചിന്തയ്ക്കു വേണ്ടി വാങ്ങിയ ഭൂമി വി.എസിന്റെ പേരിലാണെന്ന് എതിര്‍കക്ഷികള്‍ ഉന്നയിച്ചു. കോണ്‍ഗ്രസിന്റെ ഈ വാദം തള്ളിക്കൊണ്ടാണ് വരണാധികാരി പത്രിക സ്വീകരിച്ചത്.