ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് 800 കോടി രൂപയുടെ അനധികൃത സമ്പാദ്യം

06:15pm 30/4/2016

images (1)
ഹൈദരാബാദ്: ആന്ധ്രയിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് 800 കോടി രൂപയുടെ അനധികൃത സമ്പാദ്യം. ഈസ്റ്റ് ഗോദാവരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ എ. മോഹന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് കണക്കില്‍പ്പെടാത്ത സമ്പാദ്യം വ്യക്തമായത്. ഇയാളെ ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇയാളെ വിജയവാഡ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആന്ധ്രയിലും തെലുങ്കാനയിലുമായിട്ടാണ് ഇയാളുടെ അനധികൃത സമ്പാദ്യം.
ആന്ധ്ര, തെലുങ്കാന, കര്‍ണാടക എന്നിവടങ്ങളിലായി മോഹന്റെ ഒന്‍പതോളം വസതികളില്‍ വ്യാഴാഴ്ച വൈകിട്ടാണ് റെയ്ഡ് ആരംഭിച്ചത്. ഡി.സി.പി എ. രമാദേവിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.ആഭരണങ്ങളായി സ്വര്‍ണവും വെള്ളിയും വജ്രവും അടക്കം കോടികളുടെ ആഭരണങ്ങളും മോഹന്റെ പേരിലുണ്ട്. ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ ഇനി പരിശോധിക്കാനിരിക്കുന്നതേയുള്ളൂ. രണ്ട് കിലോഗ്രാം സ്വര്‍ണം, അഞ്ച് കിലോ വെള്ളി എന്നിവയും പിടിച്ചെടുത്തു.
ഹൈദരാബാദിലും പരിസരത്തുമായി പതിനാല് ഫ്‌ളാറ്റുകള്‍, പഞ്ചഗുട്ടയില്‍ ഒരു ഫ്‌ളാറ്റും മോഹന്റെ പേരിലുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ ഒരു അഞ്ച് നില കെട്ടിടവും നെല്ലൂര്‍, പ്രകാശം, ചിറ്റൂര്‍ ജില്ലകളിലായി 50 കോടിയുടെ ഭൂമിയും ഇയാളുടെ പേരിലുണ്ട്് പണമായി സൂക്ഷിച്ചിരുന്ന 83,000 രൂപയും പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കാന്‍ മകള്‍ തേജാശ്രീയുടെ പേരില്‍ ഇയാള്‍ എട്ടോളം കമ്പനികള്‍ നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ബെല്ലാരിയില്‍ വന്‍ തോതില്‍ ഭൂസ്വത്തുക്കള്‍ അടുത്തിടെ ബന്ധുക്കുടെ പേരിലേക്ക് മാറ്റിയതായും കണ്ടെത്തി. ഇയാളുടെ പേരിലുള്ള പന്ത്രണ്ടോളം ലോക്കറുകളിലെ വിവരങ്ങള്‍ ഇതുവരെ പരിശോധിച്ചിട്ടില്ല.
– See more at: http://www.mangalam.com/latest-news/430564#sthash.M3L5RMfN.dpuf