എഒസിയില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് നാലം ദിവസത്തിലേക്ക് കടന്നു

10.04 PM 22/11/2016
download
ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐഒസിയില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് നാലം ദിവസത്തിലേക്ക് കടന്നു. ഇന്നലെ കലക്ടറുടെ നേതൃത്വത്തില്‍ വൈകിട്ട് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ അറിയിച്ചു.മാനേജുമെന്റിന്റെ പിടിവാശി മൂലമാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് തൊഴിലാളിയുനിയന്‍ നേതാവ് ഹരികുമാര്‍ പറഞ്ഞു. തിങ്കാളാഴ്ച വൈകിട്ടും ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുള്ളയുടെ നേതൃത്വത്തില്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികളും കമ്പനി മാനേജുമെന്റും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അതു പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ജില്ലാ കലക്ടര്‍ ഇരുവിഭാഗങ്ങളെയും ചര്‍ച്ചയക്ക് വിളിച്ചത്. എന്നാല്‍ ഇന്നലെ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെ ഇന്നു മുതല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമം കൂടുതല്‍ രൂക്ഷമാകും.11 ജില്ലകളിലെ ഭൂരിഭാഗം ഐഒസിയുടെ പമ്പുകളും ഇന്ധനം ലഭിക്കാതെ അടഞ്ഞുകഴിഞ്ഞു. ഐഒസി പമ്പുടമകളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഇ്ന്നലെ എച്പിസി,ബിപിസി പമ്പുടമകളും ഇന്നലെ ഇന്ധനം എടുത്തിരുന്നില്ല.ഇന്നലെ നടന്ന ചര്‍ച്ചയോടെ സമരം തീരുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്് പെട്രോളിയം ട്രേഡേഴ്‌സ്(എകെഎഫ്പിടി)ന്റെ അടിയന്തിര എക്‌സിക്യൂട്ടീവ് ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന് ഭാവി പരിപാടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന്‍ പറഞ്ഞു. സമരം തീര്‍ക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും കാര്യക്ഷമമായ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പമ്പുകളും അടച്ചിട്ട് പ്രതിഷേധിക്കുന്ന അവസ്ഥയിലേക്ക് പോകേണ്ടി വരുമെന്നും തോമസ് വൈദ്യന്‍ പറഞ്ഞു.