എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

09:23am 5/8/2016

Newsimg1_40461769
എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടനിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 30,31 തീയതികളില്‍ ഇടവക തിരുനാളായി ആഘോഷിച്ചു. 27 പ്രസുദേന്തിമാര്‍ ഏറ്റെടുത്ത് നടത്തിയ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് കാനഡ എക്‌സാര്‍ക്കേറ്റ് ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ നേതൃത്വം നല്‍കി. ഇടവക വികാരി റവ.ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ സഹകാര്‍മികനായിരുന്നു.

ജൂലൈ 30-നു നടന്ന തിരുനാള്‍ കുര്‍ബാനയ്ക്കു മധ്യേ എട്ടു കുട്ടികള്‍ക്കു പ്രഥമ ദിവ്യകാരുണ്യവും, 11 കുട്ടികള്‍ക്ക് സ്ഥൈര്യലേപനവും നല്കി. ആദ്യകുര്‍ബാനയിലൂടെ ഹൃദയത്തില്‍ എഴുന്നള്ളി വരുന്ന ഈശോ എന്നും നമുക്ക് കൂട്ടായിരിക്കട്ടെ എന്നും, സ്ഥൈര്യലേപനത്തിലൂടെ നമ്മെ പവിത്രീകരിക്കുന്ന പരിശുദ്ധാരൂപി എന്നും നമ്മെ നയിക്കട്ടെ എന്നും അഭിവന്ദ്യ പിതാവ് വചനശുശ്രൂഷയിലൂടെ ആശീര്‍വദിച്ചു.

വി. കുര്‍ബാനയ്ക്കുശേഷം അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ കൊടിയേറ്റ് അഭിവന്ദ്യ പിതാവ് നിര്‍വഹിച്ചു തുടര്‍ന്ന് ലദീഞ്ഞും, അതിനെ തുടര്‍ന്ന് ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളെ അനുമോദിക്കല്‍ ചടങ്ങും നടന്നു.

ജൂലൈ 31-നു തിരുനാളിന്റെ അവസാന ദിവസം നടന്ന ശുശ്രൂഷയില്‍ ഫാ പാട്രിക് ബാസ്കയും സഹകാര്‍മികനായിരുന്നു. വി. കുര്‍ബാന മധ്യേ നമ്മളില്‍ ഒരാളെപോലെ, ജനിച്ച്, ജീവിച്ച അല്‍ഫോന്‍സാമ്മ വിശുദ്ധയായത്, സ്വന്തം ജീവിതത്തില്‍ ഏറ്റെടുത്ത സഹനത്തിലൂടെയും, ത്യാഗ പ്രവര്‍ത്തിയിലൂടെയുമാണെന്ന് ജോസ് പിതാവ് ഓര്‍മ്മിപ്പിച്ചു.

വചനശുശ്രൂഷയെ തുടര്‍ന്ന് ആഘോഷമായ പ്രസുദേന്തി വാഴ്‌വും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന പൂര്‍ത്തിയാക്കുകയും ചെയ്തു. വി. കുര്‍ബാനയെ തുടര്‍ന്ന് നടത്തിയ ആഘോഷവും വര്‍ണ്ണാഭവുമായ പ്രദക്ഷിണം നാട്ടുകാരുടെ കണ്ണുകള്‍ക്ക് ഇമ്പമായ കാഴ്ചയായിരുന്നു. ചെണ്ടമേളത്തിന്റേയും, താലപ്പൊലിയേന്തിയ കുട്ടികളുടേയും അകമ്പടിയോടെയായിരുന്നു പ്രദക്ഷിണം. തുടര്‍ന്ന് ലദീഞ്ഞും, നേര്‍ച്ചയും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. കഴുന്നെടുക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. ഉദ്ദേശം എണ്ണൂറോളം വിശ്വാസികള്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹീതരായി.