ബാള്‍ട്ടിമൂറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

09:25am 5/8/2106

Newsimg1_77608445
ബാള്‍ട്ടിമൂര്‍: ഭാരത കത്തോലിക്കാസഭയുടെ പ്രഥമ വിശുദ്ധയും സഹനദാസിയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ബാള്‍ട്ടിമൂര്‍ ബാള്‍ട്ടിമൂര്‍ സെന്റ് അല്‍ഫോന്‍സാ ദൈവാലയത്തില്‍ ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റം ജൂലൈ 24-നു ദേവാലയാങ്കണത്തില്‍ ഇടവക വികാരി ഫാ. സെബി ചിറ്റിലപ്പള്ളി നിര്‍വഹിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകിട്ട് 7.30-നു വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് നൊവേനയും നടന്നു. ഫാ. ജേക്കബ് ക്രിസ്റ്റി, ഫാ. മാത്യു പുഞ്ചയില്‍, ഫാ. ജോഷി, ഫാ. ബിനോയ് അക്കാലയില്‍, ഫാ. ജേക്കബ് വടക്കേക്കുടി എന്നിവര്‍ ഓരോ ദിവസത്തേയും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ജൂലൈ 30-നു ശനിയാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ വൈകുന്നേരം 5 മണിക്ക് ആഘോഷമായ പാട്ടുകര്‍ബാനയോടുകൂടി ഫാ. തോമസ് മണിമലയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി. തുടര്‍ന്നു നൊവേനയും തിരുശേഷിപ്പ് വണക്കവും ഉണ്ടായിരുന്നു. അതിനുശേഷം ഇടവകയിലെ കുട്ടികള്‍, യുവജനങ്ങള്‍, മാതാപിതാക്കള്‍, ഇടവക വികാരി സെബിയച്ചന്‍ ഉള്‍പ്പടെ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികള്‍ തിരുനാളിനു കൂടുതല്‍ പകിട്ടേകി. ജോവി വള്ളമറ്റം, ചിന്നു ഏബ്രഹാം, ഷൈനി അഗസ്റ്റിന്‍, സോളി ഏബ്രഹാം എന്നിവര്‍ വിവിധ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജൂലൈ 31-നു ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ രാവിലെ 10 മണിക്ക് ആരംഭിച്ചു. ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു ഫാ. തോമസ് വളവില്‍ മുഖ്യകാര്‍മികനായിരുന്നു.

വിശ്വാസികള്‍ തിങ്ങിനിറഞ്ഞ ദേവാലയത്തില്‍ വച്ചു നടത്തപ്പെട്ട തിരുകര്‍മ്മങ്ങള്‍ക്കുശേഷം ആഘോഷമായ പ്രദക്ഷിണം നടന്നു. മനോഹരമായ പൂത്താലങ്ങള്‍ ഏന്തിയ കുട്ടികളും, മുത്തുക്കുടകളും, കുരിശും, അല്‍ഫോന്‍സാമ്മയുടേയും, മാര്‍ത്തോമാശ്ശീഹായുടേയും തിരുസ്വരൂപങ്ങളും, ചെണ്ടമേളവും പ്രദക്ഷിണത്തെ ആകര്‍ഷകമാക്കി. അതിനുശേഷം വിശുദ്ധയുടെ തിരുശേഷിപ്പ് വണങ്ങാനുള്‌ല അവസരവും ഉണ്ടായിരുന്നു. തുടര്‍ന്ന് സി.സി.ഡി സ്കൂള്‍, മലയാളം ക്ലാസ് ബൈബിള്‍ ക്വിസ് മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനവിതരണവും നടന്നു.

സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ നിന്നുള്ള ആറ് ഹൈസ്കൂള്‍ ഗ്രാജ്വേറ്റ്‌സിന്റെ മാതാപിതാക്കളായിരുന്നു ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. ഈ ആറ് ഗ്രാജ്വേറ്റ്‌സുകളെ ബഹുമാനപ്പെട്ട സെബിയച്ചന്‍ പ്രത്യേകം അഭിനന്ദിക്കുകയും പ്രത്യേക സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

കൈക്കാരാന്മരായ ഷാജി പടിയാനിക്കല്‍, ജോസ് കൊട്ടാരംകുന്നേല്‍, അനില്‍ അലോഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ പാരീഷ് കമ്മിറ്റിയംഗങ്ങളും ഒന്നുചേര്‍ന്ന് തിരുനാളിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു.