എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിലെ ഓണാഘോഷങ്ങള്‍ ഗൃഹാതുരത്വമുണര്‍ത്തി

08:41 am 23/9/2016

– മിനു വര്‍ക്കി കളപ്പുരയില്‍
Newsimg1_19077262
എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ 2016-ലെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ പതിനൊന്നാംതീയതി 1.30-ന് അത്തപ്പൂക്കള മത്സരത്തോടെ ആരംഭിച്ചു. എട്ടു കൂട്ടായ്മകളും വാശിയോടെ പങ്കെടുത്ത മത്സരത്തില്‍ ഓരോ കൂട്ടായ്മയിലേയും അംഗങ്ങള്‍ തമ്മിലുള്ള ഐക്യവും സ്‌നേഹവും പ്രകടമായിരുന്നു. രണ്ടര മണിക്കൂര്‍ സമയത്തിനുള്ളില്‍ ഏറ്റവും മനോഹരവും വ്യത്യസ്തവുമായ പൂക്കളമാണ് ഓരോ കൂട്ടായ്മയും അവതരിപ്പിച്ചത്. വൈവിധ്യമാര്‍ന്ന പൂക്കളത്തിനൊപ്പം മാവേലിയും, വള്ളംകളിയും, കേരവൃക്ഷവും പൂക്കളങ്ങളായി കണ്ണിന് ഇമ്പമാര്‍ന്നു. മാവേലിമന്നന്റെ കേരളക്കരയുടെ പഴമയുടേയും പാരമ്പര്യത്തിന്റേയും നിറവും, മികവും ഓരോ പൂക്കളത്തിലും പ്രകടമായിരുന്നു.

വാശിയേറിയ മത്സരത്തില്‍ ഇമ്മാനുവേല്‍ കൂട്ടായ്മ ഒന്നാംസ്ഥാനവും, സെന്റ് ജൂഡ് കൂട്ടായ്മ രണ്ടാം സ്ഥാനവും നേടി. അതിനെ തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ഇടവക വികാരി റവ. ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ നേതൃത്വം നല്‍കി.

സെപ്റ്റംബര്‍ 18-നായിരുന്നു മറ്റ് ആഘോഷങ്ങളും മത്സരങ്ങളും നടത്തിയത്. 18-നു മൂന്നുമണിക്ക് വിശുദ്ധ കുര്‍ബാനയും അതിനെ തുടര്‍ന്ന് 4 മണിക്ക് മറ്റ് ആഘോഷപരിപാടികളും ആരംഭിച്ചു. നാടന്‍പാട്ട് മത്സരമായിരുന്നു ആദ്യ ഇനം. എട്ടു കൂട്ടായ്മകളും വാശിയോടെ പാടിത്തകര്‍ത്ത വേദിയില്‍ കേരളത്തിന്റെ തനതായ നാടന്‍ പാട്ടുകളും, വഞ്ചിപ്പാട്ടുകളും, പുള്ളുവന്‍പാട്ടും കാതുകള്‍ക്ക് ഇമ്പമായി. പാട്ടിന് അകമ്പടിയായി കൊയ്ത്തുകാരും, മാവേലിയും, നര്‍ത്തകരും, ജന്മിയും കുടിയാനും എത്തി. നാടന്‍പാട്ട് മത്സരത്തില്‍ ഹോളി ഫാമിലി കൂട്ടായ്മ ഒന്നാംസ്ഥാനവും, സെന്റ് ആന്റണി കൂട്ടായ്മ രണ്ടാം സ്ഥാനവും നേടി. അതിനെ തുടര്‍ന്നായിരുന്നു ടാബ്ലോ മത്സരം നടത്തിയത്, ഓണവും, കേരളത്തിന്റെ സാമൂഹിക വ്യവസ്ഥിതിയുമായിരുന്നു ടാബ്ലോയുടെ വിഷയം. എല്ലാ കൂട്ടായ്മകളും വാശിയോടെ മത്സരിച്ചപ്പോള്‍ കേരളത്തിലെ ഇന്നത്തെ താരമായ “പട്ടി’യും, കാലപഴക്കമനുസരിച്ച് ഓണം നേരിടുന്ന വെല്ലുവിളിയും, മാവേലിയും, വാമനനും വേദിയില്‍ അണിനിരന്നു. ടാബ്ലോ മത്സരത്തിന് സെന്റ് ജൂഡ് കൂട്ടായ്മ ഒന്നാം സ്ഥാനവും, ഹോളിഫാമിലി കൂട്ടായ്മ രണ്ടാം സ്ഥാനവും നേടി.

അതിനെ തുടര്‍ന്ന് നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറി. കൊച്ചു കുട്ടികളുടെ ഓണനൃത്തത്തോടെ ആരംഭിച്ച പരിപാടിയില്‍ കര്‍ഷകനൃത്തം, ഫ്യഷന്‍ ഡാന്‍സ്, സിംഗിള്‍ ഡാന്‍സ്, ഓണപ്പാട്ടുകള്‍ എന്നിവ കേരളത്തനിമയുണര്‍ത്തുന്നവയായിരുന്നു.

ഇടവകയുടെ ചരിത്രത്തില്‍ ആദ്യമായി മാതൃജ്യോതിസ് അംഗങ്ങള്‍ മൈം അവതരിപ്പിച്ചപ്പോള്‍, നൈറ്റ് ഓഫ് കൊളംബസ് അംഗങ്ങള്‍ തിരുവാതിര അവതരിപ്പിച്ചു. അതിനെ തുടര്‍ന്ന് സമ്മാനദാനം ഇടവക വികാരി റവ.ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ നിര്‍വഹിച്ചു. ഷൈജു സ്റ്റീഫന്‍ കൃതജ്ഞത രേഖപ്പെടുത്തി.

തുടര്‍ന്ന് വിവിധ കൂട്ടായ്മകളില്‍ നിന്നും തയാറാക്കികൊണ്ടുവന്ന ഓണവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓണസദ്യയും ഉണ്ടായിരുന്നു. നാവില്‍ കൊതിയൂറുന്ന ഓണസദ്യയും കൂടിയായപ്പോള്‍ എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കേരളത്തില്‍ ഒരു ഓണം ആഘോഷിച്ച പ്രതീതിയുണര്‍ത്തി.

ഇടവക, പള്ളി കമ്മിറ്റി അംഗങ്ങളുടെ സഹായത്തിനും സഹകരണത്തിനും ഒപ്പം ഇടവക വികാരി റവ.ഫാ.ഡോ. ജോണ്‍ കുടിയിരുപ്പിലിന്റെ കഠിനാധ്വാനവും അദ്ദേഹത്തിന്റെ ഇടവകയോടുള്ള പ്രതിബദ്ധതയുമാണ് ഓണാഘോഷങ്ങള്‍ ഇത്രയധികം ഭംഗിയുള്ളതാക്കിയത്.

ഇടവകയുടെ ചരിത്രത്തില്‍ ആദ്യമായി മികച്ച “അടുക്കള തോട്ടത്തിന്’ നല്‍കുന്ന ജോണ്‍ മാത്യു കറ്റോഴം ചമ്പക്കുളം എവര്‍റോളിംഗ് ട്രോഫിക്ക് ഷേര്‍ളി ഷാജി അര്‍ഹയായി. പൂക്കള മത്സരത്തിലെ വിജയികള്‍ക്ക് വര്‍ക്കി ജോസഫ് കളപ്പുരയിലും, ടാബ്ലോ മത്സരത്തിലെ വിജയികള്‍ക്ക് സിജോ സേവ്യറും, നാടന്‍പാട്ട് മത്സരത്തിലെ വിജയികള്‍ക്ക് റ്റിജോ ജോര്‍ജും സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിംഗ് ട്രോഫി സമ്മാനിച്ചു. പുറത്തുനിന്നും എത്തിയ പ്രഗത്ഭരായ വിധികര്‍ത്താക്കളായിരുന്നു പൂക്കളം, ടാബ്ലോ, നാടന്‍പാട്ട് എന്നീ മത്സരങ്ങളുടെ വിധികര്‍ത്താക്കളായത്, മിനു വര്‍ക്കി കളപ്പുരയില്‍ അറിയിച്ചതാണിത്.