എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കളിയാക്കി അഡ്വ.ജയശങ്കറിന്റെ പോസ്റ്റ്‌

07:21 am 4/6/2017


NSS ഹെഡ് ഓഫീസിലെ ഇൻ്റേണൽ ഓഡിറ്റർ ആർ. ഗോപാലകൃഷ്ണ പിളള സേവനകാലാവധി പൂർത്തിയാക്കി മേയ് 31ന് വിരമിച്ചു.
NSS സ്കൂളുകളും കോളേജുകളും ആശുപത്രികളും തോട്ടങ്ങളുമൊക്കെ ഒട്ടനവധി തട്ടിപ്പും വെട്ടിപ്പും കണ്ടുപിടിച്ചയാളാണ് ഗോപാലകൃഷ്ണപിളള. 2015ൽ നിലമേൽ കോളേജിലെ വലിയൊരു ധനാപഹരണം കണ്ടുപിടിച്ചു റിപ്പോർട്ടു ചെയ്തപ്പോൾ പെരുന്ന തമ്പുരാൻ കോപിച്ചു. പിളളയെ പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര എസ്റ്റേറ്റിലേക്കു നാടുകടത്തി. ഒരു കൊല്ലം കഴിഞ്ഞു പട്ടാഴി എസ്റ്റേറ്റിലേക്കു മാറ്റി.
34കൊല്ലത്തെ സേവനത്തിനു ശേഷം പടിയിറങ്ങുന്ന പിളളയ്ക്കു യാത്രയയപ്പു കൊടുക്കാൻ എസ്റ്റേറ്റ് ജീവനക്കാർ തീരുമാനിച്ചപ്പോൾ തമ്പുരാൻ പിന്നെയും കോപിച്ചു. യാത്രയയപ്പൊന്നും നമ്മുടെ വളപ്പിൽ പാടില്ല എന്ന് കല്പിച്ചു.
NSSൽ അങ്ങനെയാണ് പതിവ്. തമ്പുരാൻ്റെ അപ്രീതിക്കിരയായ അധ്യാപക സഖാക്കളുടെ യാത്രയയപ്പ് പെരുന്ന ബസ് സ്റ്റാൻഡിൽ വച്ചു നടത്തിയ ചരിത്രമുണ്ട്. (ഇടതു സർക്കാർ അധികാരമേറ്റപ്പോൾ കൊച്ചു തമ്പുരാട്ടിയെ മാത്രം സിൻഡിക്കേറ്റിൽ നിലനിർത്തി).
കോളേജ് അധ്യാപകരെപ്പോലെ നട്ടെല്ലില്ലാത്തവരല്ല എസ്റ്റേറ്റ് തൊഴിലാളികൾ. അവർ എസ്റ്റേറ്റിൽ തന്നെ ചടങ്ങ് സംഘടിപ്പിച്ചു.
ദീർഘകാലം NSS ജനറൽ സെക്രട്ടറി ആയിരുന്ന കിടങ്ങൂർ ഗോപാലകൃഷ്ണ പിളള മരിച്ചപ്പോൾ കരയോഗക്കാരാരും പോകരുതെന്നു കല്പിച്ചതും പികെ നാരായണ പണിക്കർ മരിച്ചതിൻ്റെ പിറ്റേന്ന് കറുത്ത കൊടി അഴിപ്പിച്ചതും ഇതേ തമ്പുരാൻ ആയിരുന്നു.
എംബി രാജേഷും വിടി ബലറാമും മക്കളെ സ്കൂളിൽ ചേർത്തപ്പോൾ ‘ജാതിയില്ല’ എന്നു രേഖപെടുത്തിയത് വെറുതെയല്ല.
നായരാണെന്നു പറയാൻ നാണമാകും.