ഇങ്ങനെ പോയാല്‍ സിനിമ ഉപേക്ഷിക്കേണ്ടി വരുമെന്ന് കമല്‍ ഹസ്സന്‍

07:22 am 4/6/2017

ജിഎസ്ടി നടപ്പാക്കുമ്പോള്‍ വിനോദ നികുതി 28 ശതമാനമാക്കി ഉയര്‍ത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ കമല്‍ ഹസ്സന്‍ രംഗത്ത്. രാജ്യമാകെ ഒറ്റ നികുതിക്ക് കീഴില്‍ കൊണ്ടുവരുന്ന ജിഎസ്ടി നടപ്പാക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നുവെങ്കിലും വിനോദ നികുതി 28 ശതമാനമാക്കിയ തീരുമാനം പ്രാദേശിക സിനിമാ മേഖലയെ തകര്‍ക്കുമെന്ന് കമല്‍ പറഞ്ഞു.
വിനോദ നികുതി 28 ശതമാനമായി നിജപ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സിനിമ തന്നെ വിടാന്‍ നിര്‍ബന്ധിതനാവുമെന്നും സര്‍ക്കാരിന് വേണ്ടി ജോലി ചെയ്യാനില്ലെന്നും കമല്‍ പറഞ്ഞു. മാത്രമല്ല ഇതെന്താ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണോ എന്നു ചോദ്യം ചെയ്യുകയും ചെയ്തു.
വിനോദ നികുതി 12-15 ശതമാനമായി പരിമിതപ്പെടുത്തണമെന്നും കമല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു. പ്രാദേശിക സിനിമകളെയും ഹോളിവുഡ്‌ബോളിവുഡ് സിനിമകളെയും ഒരേ സ്ലാബില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സിനിമയെ അവശ്യസേവനമായി പരിഗണിക്കാനാവില്ലെന്നും കമല്‍ പറഞ്ഞു. ജൂലൈ ഒന്നു മുതലാണ് രാജ്യവ്യാപകമായി ജിഎസ്ടി നടപ്പാക്കുന്നത്