എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണം –ബാബാ രാംദേവ്

08:59am 07/04/2016
download
കോഴിക്കോട്: ജാതി മത വിശ്വാസങ്ങള്‍ക്കതീതമായി എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണമെന്ന് ബാബാ രാംദേവ്.
കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാഭാരതം ധര്‍മരക്ഷാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ഏതെങ്കിലും മതത്തിനുവേണ്ടിയല്ല, രാഷ്ട്രത്തിനു വേണ്ടിയാണ്. മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങി എല്ലാ മതക്കാരും ഇത് വിളിക്കാന്‍ തയാറാകണം. കേരളത്തിലെ പ്രത്യേക സാഹചര്യത്താല്‍ ഹിന്ദുത്വയില്‍നിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരാനുള്ള ബാധ്യതയുണ്ട്. ഹിന്ദുസ്ഥാനില്‍ ജീവിച്ച എല്ലാവരും ഹിന്ദുക്കളായിരുന്നു എന്ന് അംഗീകരിക്കാന്‍ തയാറാവണം. ഭാരതീയതയെയും മാതൃരാജ്യത്തെയും ഉള്‍ക്കൊള്ളാത്ത തത്ത്വശാസ്ത്രങ്ങളെ അംഗീകരിക്കാനാവില്ല. വന്ദേമാതരം എന്ന ശബ്ദത്തെപ്പോലും വിവാദമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നമ്മുടെ രാജ്യത്തുനിന്ന് ധനം കൊണ്ടുപോകുന്നുണ്ട്. അതില്ലാതാക്കാന്‍ സ്വദേശി വസ്തുക്കളുടെ പ്രചാരണത്തിന് പ്രാധാന്യം നല്‍കണം. കച്ചവട താല്‍പര്യത്താലല്ല സ്വദേശവസ്തുക്കളുടെ പ്രചാരണത്തിനും അതുവഴി രാജ്യത്തിന്റെ സമ്പത്ത് രാജ്യത്തിനകത്തുതന്നെ ഉപയോഗിക്കാനുമാണ് താന്‍ ശ്രമിക്കുന്നത്. എല്ലാവരും ഒന്നിച്ചുനിന്ന് വിദേശ വസ്തുക്കള്‍ ബഹിഷ്‌കരിച്ചാല്‍ കുത്തക കമ്പനികളെ ശീര്‍ഷാസനത്തിലാക്കാം. ഹിന്ദുത്വയുടെ സംഘടിത ശക്തിയാണ് ഇതിലൂടെ തെളിയിക്കപ്പെട്ടത്. ഹിന്ദുക്കള്‍ സംഘടിച്ചില്‌ളെങ്കില്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് ഇന്നത്തെ പല സംഭവങ്ങളും പഠിപ്പിക്കുന്നത്. മലയാളത്തില്‍ പ്രസംഗം തുടങ്ങിയ അദ്ദേഹം ശങ്കരാചാര്യ സ്വാമികളുടെയും ഒട്ടനവധി പുണ്യാത്മാക്കളുടെയും ജന്മഭൂമിയായ കേരളത്തെ ആദരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.