എ.ടി.എമ്മിൽ നിന്ന് നാളെമുതൽ പുതിയ നോട്ടുകൾ ലഭിച്ചുതുടങ്ങും

01:22 PM 14/11/2016
ATM
ന്യൂഡൽഹി: രാജ്യത്തെ എ.ടി.എമ്മുകളിൽ പുതിയ നോട്ടുകൾ ലഭിക്കുന്ന തരത്തിൽ പുന:ക്രമീകരിക്കുന്ന നടപടി നാളെ മുതൽ ആരംഭിക്കുമെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. ഇതിനായി രൂപീകരിച്ച പ്രത്യേക ദൗത്യസംഘം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. പണ ദൗർലഭ്യത്തിന് അറുതി വരുത്താൻ മൈക്രോ എ.ടി.എമ്മുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തുടനീളം എ.ടി.എം ശൃംഖല വർധിപ്പിക്കും. എ.ടി.എമ്മുകളിൽ പണം നിറക്കുന്ന നടപടി ഊർജിതമാക്കും. പോസ്റ്റ് ഓഫിസുകൾക്ക് കൂടുതൽ പണം അനുവദിക്കുമെന്നും സാമ്പത്തികകാര്യ സെക്രട്ടറി അറിയിച്ചു.

പുന:ക്രമീകരണം പൂർത്തിയായാൽ എ.ടി.എമ്മുകളിൽ നിന്നും പിൻവലിക്കാവുന്ന കൂടിയ തുക 2,500 ആകും. ഇപ്പോൾ ഇത് 2,000 ആണെന്നും ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ശക്തികാന്ത ദാസ് അറിയിച്ചു.

പുതിയ നോട്ടുകളും ലഭിക്കുന്ന തരത്തിൽ എ.ടി.എമ്മുകൾ പ്രവർത്തന സജ്ജമാക്കാൻ പ്രത്യേക കര്‍മസേനയെ നിയമിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക യോഗത്തില്‍ തീരുമാനമെടുത്തിരുന്നു