ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നു എന്നാരോപിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാര്‍ട്ടിക്കകത്ത് പടയൊരുക്കം.

10:08 am 8/10/2016

images (3)
പി.എസ്.സി അംഗത്തിന്റെ നിയമനം മുതല്‍ ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍മാരെ തീരുമാനിക്കുന്നതില്‍ വരെ സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നാണ് പ്രധാന പരാതി.
പാര്‍ട്ടിക്ക് നിയമിക്കാവുന്ന പി.എസ്.സി അംഗം മുതല്‍ തുടങ്ങി തൊട്ടതെല്ലാം ഏകപക്ഷീയ നിലപാടുകളായിരുന്നെന്ന ആരോപണമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയുള്ള പടയൊരുക്കത്തിന് പിന്നില്‍. പി.എസ്.സി അംഗമായി കൊല്ലത്തെ അഭിഭാഷകനെ നിയമിച്ചത് ജില്ലാ കമ്മിറ്റി പോലും അറിഞ്ഞില്ല. ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിയോഗങ്ങളില്‍ ഉയര്‍ന്നത്. പ്ലാനിംഗ് ബോര്‍ഡ് അംഗമായി ഡോ. രഘുരാമനെ നിയമിച്ചപ്പോഴും കാനം പാര്‍ട്ടിയുടെ അഭിപ്രായം തേടിയിരുന്നില്ലെന്ന് ആരോപണമുണ്ട്. ഭരണം കിട്ടി നാലുമാസം പിന്നിട്ടിട്ടും പാര്‍ട്ടിക്ക് കിട്ടിയ 18 ബോര്‍ഡ്-കോര്‍പറേഷന്‍ അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്ക് ആളായിട്ടില്ല.
ഒരിക്കല്‍ ഒരു പദവിയില്‍ ഇരുന്നവരെ പരിഗണിക്കേണ്ടന്നാണ് കാനത്തിന്റെ നിലപാട്. സ്വീകാര്യമെന്ന് പുറമെ തോന്നുമെങ്കിലും കെ.ഇ ഇസ്മയില്‍ പക്ഷത്തെ പ്രമുഖരെ ഒഴിവാക്കുന്നതിനാണ് പുതിയ നീക്കമെന്ന് പാര്‍ട്ടിക്കകത്ത് വലിയൊരു വിഭാഗം വിശ്വസിക്കുന്നു. സ്വന്തം ഡ്രൈവറുടെ ഭാര്യയെ റവന്യു മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയാക്കിയതിനെതിരെ ഇക്കഴിഞ്ഞ നിര്‍വ്വാക സമിതിയോഗങ്ങളില്‍ കടുത്ത വിമര്‍ശനമാണ് കാനത്തിനെതിരെ ഉയര്‍ന്നത്.