ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിനുള്ള പ്രാരംഭ നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി

10:09 am 8/10/2016

images (4)
ദില്ലി: ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിനുള്ള പ്രാരംഭ നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയവക്ക് ഏകീകൃത നിയമമല്ലേ അഭികാമ്യം എന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ അഭിപ്രായം അറിയിക്കണമെന്ന് ദേശീയ നിയമകമ്മീഷന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനിടെ മുത്തലാഖിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ഭരണഘടനയുടെ 44ാം അനുഛേദം ഏകികൃതസിവില്‍ നിയമത്തിനായി ശുപാര്‍ശ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ദേശീയനിയമകമ്മീഷന്‍ ജനങ്ങള്‍ക്ക് മുന്‍പാകെ അഭ്യര്‍ത്ഥയും ചോദ്യവലിയും മുന്നോട്ട് വച്ചിരിക്കുന്നത്. സാമുഹ്യനീതി ഉറപ്പാക്കാനാണ് കമ്മീഷന്‍ ഈ ചര്‍ച്ച തുടങ്ങിയതെന്ന് അഭ്യര്‍ത്ഥനയില്‍ പറയുന്നു. നാല് പേജുകളിലായി ഇപ്പോള്‍ വിവിധ മതങ്ങള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന ആചാരങ്ങളും രീതികളും ചോദ്യങ്ങളായി കമ്മീഷന്‍ ഉന്നയിക്കുന്നു.
വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, സ്വത്തവകാശം എന്നിവയൊക്കെ ഒരേ നിയമത്തിന് കീഴില്‍ ആക്കേണ്ടതാണോ എന്നതാണ് കമ്മീഷന്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. ഏകീകൃത സിവില്‍ നിയമത്തിനായി ഭരണഘടന ശുപാര്‍ശ ചെയ്യുന്നുണ്ട് എന്നത് അറിയാമോ എന്നും കമ്മീഷന്‍ ചോദിക്കുന്നു. മുത്തലാഖ് നിരോധിക്കണോ, ഹിന്ദു സ്ത്രീകള്‍ക്ക് തുല്യസ്വത്തവകാശം ഉറപ്പാക്കണോ, ക്രിസ്ത്യന്‍ വിവാഹമോചനത്തിന് രണ്ടുവര്‍ഷത്തെ കാത്തിരിപ്പ് വിവേചനമല്ലേ തുടങ്ങിയ വിഷയങ്ങളിലും കമ്മീഷന്‍ ജനങ്ങളുടെ അഭിപ്രായം തേടുന്നു.
മിശ്ര വിവാഹം ചെയ്യുന്നവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളും ജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം. ഒന്നരമാസത്തിനുള്ളില്‍ ഈ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കമ്മീഷന്‍ അതിന് ശേഷം തുടര്‍നടപടികള്‍ ആലോചിക്കും.
ഇതിനിടെ വിവാഹമോചനത്തിന് മുസ്‌ളീം സമുദായത്തിനിടയിലുള്ള മുത്തലാഖ് സമ്പ്രദായം മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം നല്‍കി. വ്യക്തിനിയമത്തെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മുസ്‌ളീം വ്യക്തിനിയമബോര്‍ഡിന്റെ നിലപാട് തള്ളിയാണ് കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം.