ഏഷ്യാ കപ്പ്:ഇന്ത്യ ഫൈനലില്‍

02/3/2016
kohli-raina

ധാക്ക: ഏഷ്യാ കപ്പ് ട്വന്റി20യില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ആദ്യം ബാറ്റ് ചെയ്ത് ലങ്ക ഉയര്‍ത്തിയ 139 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ 19.2 ഓവറില്‍ മറികടക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി വിരാട് കോഹ് ലി അര്‍ധസെഞ്ച്വറി (47 പന്തില്‍ 56) നേടി പുറത്താകാതെ നിന്നു. യുവരാജ് സിങ് 18 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇനി യു.എ.ഇക്കെതിരായ മത്സരമാണ് ഫൈനലിന് മുമ്പ് ബാക്കിയുള്ളത്.

139 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യക്ക് 16 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപണര്‍മാരെയും നഷ്ടപ്പെട്ടു. രോഹിത് 15ഉം ശിഖര്‍ ധവാന്‍ ഒരു റണ്‍സുമെടുത്ത് പുറത്തായി. പിന്നീട് ഒത്തുചേര്‍ന്ന വിരാട് കോഹ് ലിയും സുരേഷ് റെയ്‌നയുമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 26 പന്തില്‍ 25 റണ്‍സെടുത്ത റെയ്‌നയെ ശനാകയുടെ പന്തില്‍ കുശശേഖര പിടിച്ചാണ് പുറത്തായത്. കൂറ്റനടിക്ക് മുതിര്‍ന്ന റെയ്‌നയെ രണ്ട് തവണ കൈയില്‍ നിന്ന് വഴുതിയ ശേഷം മൂന്നാമത്തെ ശ്രമത്തിലാണ് കുലശേഖര പിടിച്ചത്.

ഇതിന് ശേഷം കോഹ് ലിക്കൊപ്പം ചേര്‍ന്ന യുവരാജ് തുടക്കത്തില്‍ പതറിയെങ്കിലും കൂറ്റനടികളിലൂടെ കളിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. മൂന്നു വീതം ഫോറും സിക്‌സറുമടങ്ങുന്നതാണ് യുവിയുടെ ഇന്നിങ്‌സ്. ലങ്കക്കുവേണ്ടി കുലശേഖര രണ്ടും തിസാര പെരേര, രംഗന ഹെറാത്ത്, ശനാക എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 138 റണ്‍സെടുത്തത്. ബൗളിങ്ങിനെ പിന്തുണക്കുന്ന പിച്ചില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതിന് ഫലം കാണുകയും ചെയ്തു.

തുടക്കം മുതല്‍ തന്നെ ലങ്കയുടെ വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചു. ലങ്കക്കുവേണ്ടി 32 പന്തില്‍ 30 റണ്‍സ് സ്‌കോര്‍ ചെയ്ത കപുഗേദരയാണ് ടോപ്‌സ്‌കോറര്‍. സിരിവര്‍ദനെ 22ഉം ടി.എം ദില്‍ഷന്‍ 18ഉം റണ്‍സ് നേടി. അവസാന സമയത്ത് തിസാര പെരേരയും നുവാന്‍ കുലശേഖരയും നേടിയ റണ്‍സാണ് ലങ്കയെ സഹായിച്ചത്. പെരേര ആറ് പന്തില്‍ 17ഉം കുലശേഖര ഒമ്പത് പന്തില്‍ 13ഉം റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീതം വീഴ്ത്തി. ആശിഷ് നെഹ്‌റ ഒരു വിക്കറ്റ് നേടി.