ഐഎംഒയ്ക്കും വാട്‌സ്ആപ്പിനും പിന്നാലെ ഫേസ്ബുക്ക് മെസ്സഞ്ചറിനും സൗദി അറേബ്യയില്‍ നിരോധനം – ജയന്‍ കൊടുങ്ങല്ലൂര്‍

09:24am 30/5/2016
Newsimg1_58497586
റിയാദ്: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി ഫേസ്ബുക്ക് മെസ്സഞ്ചറിനും സൗദി അറേബ്യയില്‍ നിരോധനം. ഫേസ്ബുക്ക് മെസ്സഞ്ചറില്‍ വോയ്‌സ്‌കോളിംഗും വീഡിയോ കോളിംഗും നിലവില്‍ വന്നതിന് പിന്നിലെയാണ് മെസ്സഞ്ചറിന് സൗദി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോ കോളിംഗ് സംവിധാനമുള്ള ഐഎംഒയ്ക്കും വിലക്ക് ബാധകമാണ്. ടെലികോം കമ്പനികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

സൗദിയില്‍ ഇന്റര്‍നെറ്റ് വഴിയുള്ള വാട്‌സ്ആപ്പും വൈബറും ഉപയോഗിച്ചുള്ള വോയ്‌സ്‌കോളുകള്‍ നേരത്തെ തന്നെ നിരോധനമുണ്ടായിരുന്നു. സൗദി സര്‍ക്കാരിന്റെ തീരുമാനം ഏറെ തിരിച്ചടിയായിട്ടുള്ളത് മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കാണ്. കുറഞ്ഞ ചെലവില്‍ നാടുമായി ബന്ധപ്പെടാനുള്ള വഴിയാണ് ഇതോടെ പ്രവാസികള്‍ക്കു മുമ്പില്‍ അടക്കപ്പെട്ടത്. വാട്‌സ്ആപ്പിനും മെസ്സഞ്ചറിനും പുറമേ ഇതിന് സമാനമായി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കെല്ലാം ഈ വിലക്ക് ബാധകമാണ്.

ഇത്തരം വോയ്‌സ് കോളിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവുകയാണ് മെസഞ്ചറിന്റെ നിരോധനം. രാജ്യത്തിന് പുറത്തേയ്ക്ക് വിളിക്കാനും വര്‍ദ്ധിച്ചുവരുന്ന ടെലിഫോണ്‍ ബില്ലുകള്‍ കുറയ്ക്കാനും ആളുകള്‍ കൂടുതല്‍ ആശ്രയിച്ചിരുന്നത് മെസഞ്ചര്‍ പോലുള്ള ആപ്ലിക്കേഷനുകളിലെ നെറ്റ്‌കോളിങ് സൗകര്യമായിരുന്നു.

എന്നാല്‍ ലൈന്‍, ടാങ്കോ എന്നീ ആപ്ലിക്കേഷനുകള്‍ക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എങ്കിലും ഇവ പ്രവാസികള്‍ അല്ലാത്തവര്‍ക്ക് അത്ര പരിചിതമല്ലാത്തതിനാല്‍ വിലക്ക് യഥാര്‍ത്ഥത്തില്‍ വന്‍ തിരിച്ചടിയായിരിക്കുകയാണ്. ആപ്ലിക്കേഷനുകള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് വിലക്കിയതെന്നാണ് സൗദി നല്‍കുന്ന വിശദീകരണം. പ്രാദേശിക മാധ്യമങ്ങളും ഇതു ശരിവക്കുന്നു. നിരോധിത സേവനങ്ങളായ ഇവ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ലഭ്യമല്ലെന്നും നിങ്ങളുടെ രാജ്യം ഈ സേവനത്തെ പിന്തുക്കുന്നില്ലെന്നുമുള്ള പോപ്പ് ആപ്പ് മെസേജുകളാണ് യൂസര്‍ക്ക് ലഭിക്കുന്നത്.

രാജ്യത്ത് ആധിപത്യമുള്ള ടെലികോം കമ്പനികളുടെ വരുമാനത്തിന് സൗജന്യ ചാറ്റിങ്ങ് ആപ്ലിക്കേഷനുകള്‍ ഭീഷണിയാകുമെന്നുള്ള വിലയിരുത്തലാകാം ഇത്തരത്തിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് നിരോധനമെര്‍പ്പെടുത്താന്‍ കാരണമായത്. എന്നാല്‍ ഇതിനു പിന്നിലെ യഥാര്‍ത്ഥ കാരണത്തെപ്പറ്റി ഭരണകൂടം സൂചന നല്‍കുന്നില്ല.