ഐഎപിസി ചെയര്‍മാന്‍ ബാബു സ്റ്റീഫനുമായി എം.ഡി.നാലപ്പാട്ട് കൂടിക്കാഴ്ച നടത്തി

08:00 am 9/5/2017


വാഷിംഗ്ടണ്‍: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ചെയര്‍മാന്‍ ബാബു സ്റ്റീഫനുമായി ഐടിവി മീഡിയ എഡിറ്റോറിയല്‍ ഡയറക്ടര്‍ എം.ഡി നാലപ്പാട്ട് കൂടിക്കാഴ്ച നടത്തി. ബാബു സ്റ്റീഫന്റെ വാഷിംഗ്ടണിലെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എം.ഡി. നാലപ്പാട്ടിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി ഭായി തമ്പുരാട്ടിയുമുണ്ടായിരുന്നു. ഇരുവര്‍ക്കും ഇവിടെ ഉഷ്്മളമായ സ്വീകരണമാണ് നല്‍കിയത്.

അമേരിക്കയിലെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് ബാബു സ്റ്റീഫന്‍ എം.ഡി നാലപ്പാട്ടിനോട് വിശദീകരിച്ചു. ഒപ്പം, അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരായ മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളും അദ്ദേഹം എം.ഡി നാലപ്പാട്ടുമായി ചര്‍ച്ച ചെയ്തു. മാധ്യമലോകത്തെ ഇപ്പോഴത്തെ മാറ്റങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ അതിന് അനുസരിച്ച് മാറേണ്ടതിനെക്കുറിച്ചും എം.ഡി. നാലപ്പാട്ട് ബാബു സ്റ്റീഫനുമായി ചര്‍ച്ച ചെയ്തു. ഒപ്പം, ഐഎപിസിക്ക് എല്ലാവിധപിന്തുണയും എം.ഡി. നാലപ്പാട്ട് വാഗ്ദാനം ചെയ്യുകയും ചെയ്തു.

എം.ഡി. നാലപ്പാട്ടുമായി നടത്തിയ കൂടിക്കാഴ്ച ഐഎപിസിയെ സംബന്ധിച്ചെടുത്തോളം പ്രയോജനകരമായിരുന്നുവെന്നും അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുപാടുകാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്നും പഠിക്കാനുണ്ടെന്നും ബാബു സ്റ്റീഫന്‍ പറഞ്ഞു.

പ്രശസ്ത കവയിത്രി കമലാസുരയ്യയുടെ മകനായ എം.ഡി. നാലപ്പാട്ട് പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാണ്. മാതൃഭൂമിയുടേയും ടൈംസ് ഓഫ് ഇന്ത്യയുടേയും പത്രാധിപരായി സേവനമനുഷ്ഠിച്ചു. രാജ്യസുരക്ഷാ നയം, അന്തര്‍ദേശീയ വിഷയം എന്നിവയെക്കുറിച്ച് നിരന്തരം അദ്ദേഹം ലേഖനങ്ങള്‍ എഴുതുന്നു. കോളമിസ്റ്റുകൂടിയായ അദ്ദേഹം മണിപ്പാല്‍ സര്‍വകലാശാലയിലെ ജിയോപൊളിറ്റിക്‌സ് വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലും യുനെസ്‌കോ പീസ് ചെയര്‍ ഭാരവാഹിയുമായിരുന്നു.
വളര്‍ന്നതും പഠിച്ചതും ബോംബെയില്‍ ആയിരുന്നു. ബോംബെ സര്‍വകലാശാലയില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. മാനേജ്‌മെന്റ്, പത്രപ്രവര്‍ത്തനം,അധ്യാപനം,സാമുഹിക പ്രവര്‍ത്തനം തുടങ്ങിയ ബഹുമുഖ മേഖലകളില്‍ വ്യാപരിച്ചു. ചൈന, തായ്‌വാന്‍,ഇറാന്‍, ഇസ്രയേല്‍,അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശ ബന്ധം മെച്ചപ്പെടുത്തുവാനും അദ്ദേഹം മുന്‍കൈ എടുത്തു. 1977 ല്‍ മാതൃഭൂമിയില്‍ ഡയറക്ടറായി ചുമതലയേറ്റു. 1978ല്‍ എക്‌സിക്യുട്ടീവ് മാനേജര്‍. 1984 ല്‍ മാതൃഭൂമി പത്രാധിപര്‍. 1989 ല്‍ മാതൃഭൂമി വിട്ട അദ്ദേഹം അതേവര്‍ഷം ടൈംസ് ഓഫ് ഇന്ത്യയില്‍ റസിഡന്റ് എഡിറ്ററായി. കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ വികസന സംഘടനയുടെ ആദ്യത്തെ ഓണററി കോഡിനേറ്റര്‍ എന്ന നിലയില്‍ സാരക്ഷതാപ്രസ്ഥാനത്തിലും എം.ഡി നാലപ്പാട്ട് മുഖ്യ പങ്ക് വഹിച്ചു. കുട്ടികള്‍ക്കായി വിദ്യാഭ്യാസ ചലച്ചിത്ര പ്രദര്‍ശനം നടത്തുന്നതിനുള്ള കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ ഓണററി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.