ഐഎസ് ബന്ധം: പീസ് ഇന്‍റര്‍നാഷണല്‍ സ്കൂളിനെതിരെ പൊലീസ് കേസെടുത്തു

12:11 pm 8/10/2016

download (4)
കൊച്ചി: ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കൊച്ചി ഇൻര്‍നാഷണല്‍ പീസ് സ്കൂളിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്‍റെ അംഗീകാരമില്ലാതെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുളള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. കേസ് എൻഐഎയ്ക്ക് കൈമാറിയേക്കും
ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന 21 മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെയും അന്വേഷണ ഉദ്യോഗസ്ഥര്‍ കൊച്ചി പീസ് ഇൻറര്‍നാഷണല്‍ സ്കൂള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.ഐഎസില്‍ ചേര്‍ന്നെന്ന് കരുതുന്ന തമ്മനം സ്വദേശി മെറിൻ ഇവിടെ ഏറെനാളായി അധ്യാപികയായിരുന്നു. സ്കൂളിന്‍റെ സിലബസില്‍ സംശയം തോന്നിയ എറണാകുളം ഐജി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുളള പ്രത്യേക സംഘം വിദ്യാഭ്യാസ വകുപ്പിൻറെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുളള സിലബസാണ് സ്കൂളില്‍ പഠിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. 2009മുതല്‍ സര്‍ക്കാരിന്‍റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സിബിഎസ്ഇ സ്കൂളില്‍ പ്രധാനമായും മതപഠനമാണ് നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂള്‍ പ്രിൻസിപ്പാള്‍, ട്രസ്റ്റ് അംഗങ്ങള്‍, അഡ്മിനിസ്റ്റേറ്റര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പാലാരിവട്ടം എസ്ഐ അറിയിച്ചു. എറണാകുളം സിജെഎം കോടതിയില്‍ ഇവര്‍ക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്കൂളിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.