ഐഒസി ഇന്ധന വിതരണം നിര്‍ത്തി; കെഎസ്ആ‍ർടിസിയിൽ വീണ്ടും പ്രതിസന്ധി

01.26 AM 08/11/2016
ksrtc_760x400
തിരുവനന്തപുരം: കെ.എസ്.ആ‍ർ.ടി.സിയിൽ വീണ്ടും കടുത്ത പ്രതിസന്ധി. കുടിശ്ശിക കാരണം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കെ.എസ്.ആ‍ർ.ടി.സിയ്ക്കുള്ള ഇന്ധന വിതരണം നി‍ർത്തിവച്ചതാണ് പ്രതിസന്ധിക്കു കാരണം. ഇന്ധന വിതരണം തടസപ്പെട്ടത് സർവ്വീസുകളെ സാരമായി ബാധിക്കും. ഡീസൽ വിതരണം ചെയ്ത വകയിൽ 93.56 കോടി രൂപയാണ് ഐഒസിക്ക് കെ.എസ്.ആർ.ടി.സി നൽകാനുള്ളത്.
കുടിശ്ശിക കൂടിയ സാഹചര്യത്തിൽ ഇന്ധനം വിതരണം നിർത്തിവയ്ക്കുകയാണെന്ന് ചൂണ്ടികാട്ടി എറണാകുളം സോണൽ ഓഫീസർക്ക് ഐഒസി കത്ത് നൽകി. കെ.എസ്.ആർ.ടി സി പമ്പുകളിലും ഇന്ധനം സ്റ്റോക്കില്ല. ഇതോടെ പ്രതിസന്ധി രൂക്ഷമായി. കെഎസ്ആര്‍ടിസിയുമായി നേരത്തെ ധാരണയുണ്ടാക്കിയിട്ടുള്ള സ്വകാര്യ പമ്പുകളിൽ നിന്നും ഇന്ധം നിറക്കാൻ ഇപ്പോള്‍ യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ സർവ്വീസ് നടത്തുന്ന എല്ലാ ബസുകളും സ്വാകര്യ പമ്പുകളെ ആശ്രയിക്കുക എന്നത് ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പ്രായോഗികമല്ല. അതുകൊണ്ടുതന്നെ പല റൂട്ടുകളും മുടങ്ങും. കഴിഞ്ഞ മാസം ഐഒസിക്ക് കൊടുക്കേണ്ടിയിരുന്ന 50 കോടി രൂപ എടുത്താണ് എംപാനൽ ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും മറ്റ് ആനൂകൂല്യങ്ങളും വിതരണം ചെയ്തത്. ഇതാണ് പ്രതിസന്ധിക്കുകാരണമായത്.
ഈ മാസം എംപാനൽ ജീവനക്കാരുള്ള ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. അതിനിടെ, സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരൻ ഇന്ന് ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.