ആംബുലിന്‍സിന് പണമില്ല; ഭാര്യയുടെ മൃതദേഹവുമായി 60 കിലോമീറ്റര്‍ ഉന്തുവണ്ടി തള്ളി

01.26 AM 08/11/2016
Telangana_map2_760x400
ഹൈദരാബാദ്: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തത് കാരണം ഭാര്യയുടെ മൃതദ്ദേഹവുമായി ഭര്‍ത്താവ് അറുപത് കിലോമീറ്റര്‍ ഉന്തുവണ്ടി തള്ളി.
തെലങ്കാനയിലാണ് കുഷ്ഠരോഗിയായാണ് ഭര്‍ത്താവിന് ഭാര്യയുടെ മൃതദ്ദേഹവുമായി ഇരുപത്തിനാല് മണിക്കൂര്‍ നടക്കേണ്ടി വന്നത്. രണ്ട് മാസം മുമ്പ് ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒഡീഷയില്‍ ഭര്‍ത്താവിന് ഭാര്യയുടെ മൃതദ്ദേഹം ചുമന്ന് നടക്കേണ്ടി വന്ന സംഭവം വിവാദമായിരുന്നു.
തെലങ്കാനയിലെ ഹൈദരാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുഷ്ടരോഗ ബാധിതരായ രാമലുവും ഭാര്യ കവിതയും ഹൈദരാബാദില്‍ ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഹൈദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കവിത മരിച്ചു. ഭാര്യയുടെ മൃതദ്ദേഹം സ്വന്തം നാട്ടില്‍ സംസ്‌കരിക്കണമെന്ന ആഗ്രഹത്തില്‍ രാമലു സ്വകാര്യ ആംബുലന്‍സിന്റെ സേവനം തേടി. എന്നാല്‍ ഡ്രൈവര്‍ അയ്യായിരം രൂപ ആവശ്യപ്പെട്ടതോടെ കയ്യില്‍ പണമില്ലാതെ രാമലു ഭാര്യയുടെ മൃതദ്ദേഹവുമായി സ്വന്തം ഉന്തുവണ്ടിയില്‍ നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ യാത്ര തിരിച്ചെങ്കിലും രാത്രി രാമലുവിന് വഴി തെറ്റി. ശനിയാഴ്ച ഉച്ചയോടെ അറുപത് കിലോമീറ്റര്‍ സഞ്ചരിച്ച് വികാരാബാദിലെത്തിയപ്പോഴേക്കും രാമലു തളര്‍ന്നു വീണു. ഭാര്യയുടെ മൃതദ്ദേഹത്തിനരികിലിരുന്ന് രാമലു കരയുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ വിവരം പൊലീസിലറിയിച്ച് തുടര്‍ന്ന് അധികൃതരെത്തി അവിടെ നിന്നും എണ്‍പത് കിലോമീറ്ററിലധികം ദൂരെയുള്ള മേഢക് ഗ്രാമത്തിലേക്ക് ആംബുലന്‍സ് വിളിച്ചുനല്‍കി. കുഷ്ടരോഗികളായതിനാല്‍ ഇരുവരേയും സഹായിക്കാന്‍ ഉറ്റ ബന്ധുക്കളാരും എത്തിയിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് ഒഡീഷയില്‍ ദനാ മാജി എന്നയാള്‍ക്ക് ഭാര്യയുടെ മൃതദ്ദേഹവുമായി മകളോടൊപ്പം നടക്കേണ്ടി വന്ന സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.