ഐസിനു വില കൂട്ടുന്നു;

09:03am 5/6/2016
images (1)

കോഴിക്കോട്‌: സംസ്‌ഥാനത്തെ ഐസ്‌ പ്ലാന്റുകള്‍ ഐസ്‌ ബ്ലോക്കുകള്‍ക്കു വില കൂട്ടുന്നു. ഇതു വിപണിയില്‍ മത്സ്യവില കൂടുന്നതിനു കാരണമാകും. ട്രോളിങ്‌ നിരോധനം തുടങ്ങുന്നദിവസം ഐസ്‌ ബ്ലോക്കിന്റെ വില 60 ല്‍ നിന്ന്‌ എഴുപതിലേക്ക്‌ ഉയര്‍ത്താനാണ്‌ ഐസ്‌ പ്ലാന്റ്‌ ഉടമകളുടെ തീരുമാനം.
മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകള്‍ക്ക്‌ 100 മുതല്‍ 400 വരെ ബ്ലോക്കുകള്‍ വേണമെന്നിരിക്കേ വില വര്‍ധിപ്പിക്കല്‍ ഉപഭോക്‌താക്കള്‍ക്ക്‌ ഇരുട്ടടിയാണ്‌. 100 ബ്ലോക്കുകളുമായി മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടിന്‌ പുതിയ നിരക്കുപ്രകാരം 1000 രൂപ അധിക ബാധ്യതവരും.
സംസ്‌ഥാനത്ത്‌ 486 ഐസ്‌പ്ലാന്റുകളാണുള്ളത്‌. ഇതില്‍ 23 എണ്ണം ഇതിനകം പൂട്ടികഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്‌ ഐസ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ തങ്ങള്‍ക്കു നേരിടേണ്ടിവരുന്നതെന്ന്‌ പ്ലാന്റ്‌ ഉടമകള്‍ പറയുന്നു. 50 ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ്‌ ഒരു ഐസ്‌ ബ്ലോക്ക്‌ നിര്‍മിക്കുന്നത്‌. വൈദ്യുതി നിരക്കും ജീവനക്കാരുടെ ശമ്പളവും കൂടിയാകുമ്പോള്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും. അതാണ്‌ ഐസ്‌ വില കൂട്ടാന്‍ കാരണമായി പറയുന്നത്‌.
എറണാകുളത്തും ആലപ്പുഴയിലും കൊല്ലത്തുമാണ്‌ എറ്റവും കൂടുതല്‍ പ്ലാന്റുകള്‍ രണ്ടുവര്‍ഷത്തിനിടെ അടച്ചുപൂട്ടിയത്‌. കോഴിക്കോട്‌ ജില്ലയില്‍ 65 പ്ലാന്റുകളാണ്‌ നിലവില്‍ പ്രവര്‍ത്തിക്കുന്നത്‌.
തമിഴ്‌നാട്ടില്‍നിന്നെത്തുന്ന ബോട്ടുകള്‍ മത്സ്യബന്ധനത്തിന്‌ പോകുമ്പോള്‍ 100-മുതല്‍ 400 വരെ ബ്ലോക്ക്‌ ഐസാണ്‌ കൊണ്ടുപോകാറുള്ളത്‌. ഒരു മാസം കഴിഞ്ഞുമാത്രമേ ഇവര്‍ തിരിച്ചെത്താറുള്ളു. മത്സ്യ ലഭ്യത കുറഞ്ഞതോടെ ഇവര്‍ കൊണ്ടുപേകുന്ന ഐസിന്റെ എണ്ണവും കുറഞ്ഞു. സംസ്‌ഥാനത്തെ ബോട്ടുകള്‍ക്ക്‌ ശരാശരി 150 ബ്ലോക്കുകള്‍ മാത്രമേ ആവശ്യമായി വരാറുള്ളു. അവര്‍ ഒരാഴ്‌ചകൊണ്ടു തിരികെ വരാറുണ്ടുതാനും. ചെറിയ വള്ളങ്ങള്‍ക്ക്‌ ഐസ്‌ ആവശ്യമായി വരാറില്ല. അതുകൊണ്ടുതന്നെ ഫിഷിങ്‌ ബോട്ടുകളില്‍ ചാകര നിറയാതിരുന്നാല്‍ തിരിച്ചടി ഐസ്‌ പ്ലാന്റ്‌ ഉടമകള്‍ക്കാണ്‌.
ബ്ലോക്കുകള്‍ ചെലവായാലും ഇല്ലെങ്കിലും പ്ലാന്റ്‌ അടച്ചിടാന്‍ പറ്റാത്തതിനാല്‍ വൈദ്യുതി നിരക്ക്‌ ഇനത്തില്‍ വലിയ തുക നല്‍കേണ്ട അവസ്‌ഥയും ഉണ്ട്‌. പ്ലാന്റ്‌ അടച്ചിട്ടാല്‍ ഉപകരണങ്ങള്‍ ദിവസങ്ങള്‍ക്കകം തുരുമ്പെടുത്തു നശിക്കും.