റിമാന്‍ഡ്‌ കാലാവധിക്കുമുമ്പ്‌ പ്രതിയെ ഹാജരാക്കിയ സംഭവം: ജയില്‍ സൂപ്രണ്ടിനെ വിളിച്ചുവരുത്തി വിജിലന്‍സ്‌ കോടതി ശാസിച്ചു

09:05am 5/6/2016
download (6)
മൂവാറ്റുപുഴ: കൈക്കൂലിക്കേസില്‍ അറസ്‌റ്റിലായ മൂവാറ്റുപുഴ ആര്‍.ഡി.ഒ: വി.ആര്‍. മോഹനന്‍ പിള്ളയുടെ റിമാന്‍ഡ്‌ കാലാവധി തീരുംമുമ്പ്‌ വീണ്ടും കോടതിയില്‍ ഹാജരാക്കിയ നടപടിക്കെതിരേ മൂവാറ്റുപുഴ സബ്‌ജയില്‍ സൂപ്രണ്ട്‌ കെ.എ. ബാലകൃഷ്‌ണനെ വിജിലന്‍സ്‌ കോടതി വിളിച്ചുവരുത്തി ശാസിച്ചു.
പ്രതികളെ സഹായിക്കുന്ന ഇത്തരം നടപടി ആവര്‍ത്തിച്ചാല്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന മുന്നറിയിപ്പും ഉദ്യോഗസ്‌ഥനു കോടതി നല്‍കി. എന്തടിസ്‌ഥാനത്തിലാണ്‌ റിമാന്‍ഡ്‌ കാലാവധി തീരുംമുമ്പേ പ്രതിയെ കോടതിയില്‍ ഹാജരാക്കിയതെന്നു ജഡ്‌ജി പി. മാധവന്‍ ആരാഞ്ഞു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത്‌ പ്രതിക്കു വഴിവിട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്‌ അംഗീകരിക്കാനാകില്ല. മേലില്‍ ഇത്തരം പ്രവര്‍ത്തനം ഉണ്ടാകരുതെന്നും ജയില്‍ സൂപ്രണ്ടിന്‌ കോടതി കര്‍ശന നിര്‍ദേശം നല്‍കി. അറിയാതെ സംഭവിച്ച പിഴവാണെന്നും നിയമവിരുദ്ധമായി പ്രതിക്ക്‌ യാതൊരു സഹായവും നല്‍കുന്നില്ലെന്നും സൂപ്രണ്ട്‌ കോടതിയെ ബോധിപ്പിച്ചു.
വെള്ളിയാഴ്‌ചയാണ്‌ റിമാന്‍ഡ്‌ കാലാവധി അവസാനിക്കും മുമ്പേ വി.ആര്‍. മോഹനന്‍ പിള്ളയെ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കിയത്‌. ഇതു ശ്രദ്ധയില്‍പ്പെട്ട കോടതി പോലീസ്‌ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉദ്യോഗസ്‌ഥരെ താക്കീതും ചെയ്‌തു.
ഏറെ നേരം കാത്തുനിന്നതിനൊടുവിലാണ്‌ പിന്നീട്‌ കോടതി കേസ്‌ പരിഗണിച്ചത്‌. ഇതിനു പിന്നാലെയാണ്‌ ജയില്‍ സൂപ്രണ്ടിനെ പ്രത്യേക ദൂതന്‍ വഴി കോടതിയിലേക്കു വിളിച്ചു വരുത്തിയത്‌. ഇന്നലെ സുപ്രധാന കേസുകളുണ്ടായിരുന്നിട്ടും ആദ്യം പരിഗണിച്ചത്‌ ഈ വിഷയമായിരുന്നു. തുറന്ന കോടതിയില്‍ അഭിഭാഷകരേയും കക്ഷികളേയും സാക്ഷിയാക്കിയാണ്‌ ജയില്‍ സൂപ്രണ്ടിനെ കോടതി താക്കീത്‌ ചെയ്‌തത്‌. കഴിഞ്ഞ 30ന്‌ അറസ്‌റ്റിലായ മൂവാറ്റുപുഴ ആര്‍.ഡി.ഒ യെ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ജഡ്‌ജി അവധിയിലായിരുന്നതിനാല്‍ തൃശൂര്‍ വിജിലന്‍സ്‌ കോടതിയിലാണ്‌ ഹാജരാക്കിയത്‌.
ജൂണ്‍ നാലുവരെ ആര്‍.ഡി.ഒയെ റിമാന്‍ഡ്‌ ചെയ്‌ത തൃശൂര്‍ കോടതി റിമാന്‍ഡ്‌ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കണമെന്ന്‌ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഇതിന്‍ പ്രകാരം ശനിയാഴ്‌ചയായിരുന്നു പ്രതിയെ കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്‌. എന്നാല്‍ വെള്ളിയാഴ്‌ച പ്രതിയുമായി ഉദ്യോഗസ്‌ഥര്‍ കോടതിയിലെത്തി. ഈ അസാധാരണ നടപടിയാണ്‌ കോടതിയെ പ്രകോപിപ്പിച്ചത്‌.