ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍നിന്ന് രവി ശാസ്ത്രി രാജിവച്ചു

12:12pm 01/7/2016
download
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാനുള്ള മത്സരത്തില്‍ അനില്‍ കുംബ്ലെയോട് പരാജയപ്പെട്ടതിനു പിന്നാലെ രവി ശാസ്ത്രി ഐസിസി ക്രിക്കറ്റ് കമ്മിറ്റി അംഗത്വവും രാജിവച്ചു. എന്നാല്‍, പരിശീലക സ്ഥാലം ലഭിക്കാത്തതുമായി രവി ശാസ്ത്രിയുടെ രാജിക്കു ബന്ധമില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇന്ത്യയുടെ പുതിയ കോച്ചായ അനില്‍ കുംബ്ലെയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍നിന്ന് രാജിവയ്ക്കാനുള്ള സൂചന ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറെ രവി ശാസ്ത്രി നേരത്തേ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

പുതുമുഖങ്ങള്‍ക്ക് അവസരം നല്കണമെന്ന ഉദ്ദേശത്തോടെയാണ് അമ്പത്തിമൂന്നുകാരനായ രവി ശാസ്ത്രി രാജിവച്ചിരിക്കുന്നത്. ജൂണ്‍ ആദ്യവാരം ലോഡ്‌സില്‍ നടന്ന കമ്മിറ്റി മീറ്റിംഗില്‍ ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ പങ്കെടുത്തിരുന്നില്ല. ഈ മീറ്റിംഗിനു മുമ്പുതന്നെ കമ്മിറ്റിയില്‍നിന്ന് രാജിവയ്ക്കാനിരിക്കുകയായിരുന്നു രവി ശാസ്ത്രി എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിവരം.