ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനം ആചരിച്ചു

11:36 am 1/2/2017

Newsimg1_26896778
മയാമി: ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ ഇന്ത്യയുടെ 68-മത് രിപ്പബ്ലിക് ദിനവും, ഗാന്ധി സമാധി അനുസ്മരണവും ഡേവിയിലുള്ള മഹാത്മാഗാന്ധി സ്ക്വയറില്‍ ആചരിച്ചു. വിശിഷ്ടാതിഥികളായ മേയര്‍ ജൂഡി പോള്‍, വൈസ് മേയര്‍ കരോള്‍ ഹാട്ടന്‍ എന്നിവര്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസീസി നടയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ ജൂഡി പോള്‍ ഗാന്ധിയന്‍ തത്വങ്ങളെ പ്രശംസിച്ചു. ലോകത്തിലെ വന്‍ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഉചിതവും ഫലപ്രദവുമാണെന്നു അനുസ്മരിച്ചു.

ഐ.എന്‍.ഒ.സി നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ സി ജേക്കബ്, റീജണല്‍ വൈസ് പ്രസിഡന്റ് ജോയി കുറ്റിയാനി എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ അന്തരിച്ച മുന്‍ നാഷണല്‍ പ്രസിഡന്റായ ലവിക്കാ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അതുപോലെ മുന്‍ വര്‍ഷം റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് അയച്ച സന്ദേശം യോഗത്തില്‍ വായിച്ചു. ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്,, കേരള സമാജം പ്രസിഡന്റ് സാജന്‍ മാത്യു, നവകേരള പ്രസിഡന്റ് സുരേഷ് നായര്‍, കൈരളി ആര്‍ട്‌സ് ക്ലബ് ജോയിന്റ് സെക്രട്ടറി ചെറിയാന്‍ മാത്യു, ഡോ. സാജന്‍ കുര്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഐ.എന്‍.ഒ.സി സെക്രട്ടറി സജി സക്കറിയാസ് നന്ദി രേഖപ്പെടുത്തി. കുഞ്ഞമ്മ കോശി, ബാബു കല്ലിടുക്കില്‍, റോബിന്‍ ആന്റണി, ഷിബു കല്‍പ്പടിക്കല്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.