ഒ.എന്‍.ജിസിയുടെ പ്രകൃതി വാതകം ഊറ്റിയതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 10311.76 കോടി രൂപ പിഴ

09:11 pm 4/11/2016

images
ന്യൂഡൽഹി: പൊതുമേഖല എണ്ണ ഉത്പാദക കമ്പനിയായ ഒ.എന്‍.ജിസിയുടെ പ്രകൃതി വാതകം ഊറ്റിയതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 10311.76 കോടി രൂപ പിഴ വിധിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കൃഷ്ണ ഗോദാവരി തടത്തിലെ ഒ.എന്‍.ജി.സി എണ്ണപ്പാടത്തെ പ്രകൃതിവാതകം അടുത്തുള്ള റിലയന്‍സിന്റെ എണ്ണപ്പാടത്തേക്ക്‌ ചോര്‍ത്തിയതിനാണ് പിഴ ഈടാക്കിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് കനത്ത പിഴ ഈടാക്കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം റിലയൻസ് ഇൻഡസ്ട്രീസിന് നോട്ടീസ് അയച്ചതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, വൻതുക പിഴ ഒടുക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസിന് മറുപടി നൽകാൻ റിലയന്‍സിന് ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. വാർത്ത പുറത്തായതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളിൽ 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഒ.എൻ.ജി.സിയുടെ പ്രകൃതിവാതക പാടത്തിനോട് ചേര്‍ന്നുള്ള സ്വന്തം സ്രോതസ് ഉപയോഗിച്ച്‌ റിലയന്‍സ് 11.22 ദശലക്ഷം ക്യുബിക് മീറ്റര്‍ വാതകം ഊറ്റിയെടുത്തെന്ന് ഇരുകമ്പനികളും സംബന്ധിച്ചുണ്ടായിരുന്ന തര്‍ക്കത്തില്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് എ.പി ഷാ കമ്മിറ്റി കണ്ടെത്തിയിരുന്നു.

ജസ്റ്റിസ് ഷാ തന്റെ റിപ്പോര്‍ട്ട് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് ആഴ്ചകള്‍ക്ക് മുമ്പ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ റിലയന്‍സിന് പിഴ അടക്കാനുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്.

2009 ഏപ്രില്‍ ഒന്നു മുതല്‍ 2015 മാര്‍ച്ച് 31 വരെയുള്ള ആറുവര്‍ഷക്കാലയളവിലാണ് പൊതുമേഖലാ ഒഎന്‍ജിസിക്ക് അനുവദിക്കപ്പെട്ട പ്രകൃതിവാതകം റിലയന്‍സ് ഊറ്റിയെടുത്തത്.