ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്തും – മുഖ്യമന്ത്രി

01:15 pm 10/08/2016
download
തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓണ വിപണിയിൽ ഇടപെടാനായി ബജറ്റിൽ 150 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിൽ 81.42 കോടി സപ്ളൈകോക്ക് നൽകും. ഓണച്ചന്തകൾക്കായി നാല് കോടി 60 ലക്ഷം രൂപ നീക്കിവെക്കും. എല്ലാ ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലും സപ്ളൈകോ ഓണച്ചന്ത സംഘടിപ്പിക്കും. മാവേലി സ്റ്റോറുകൾ ഇല്ലാത്ത 38 പഞ്ചായത്തുകളിൽ പ്രത്യേക മിനി ഓണച്ചന്ത സംഘടിപ്പിക്കും. കൂടാതെ സപ്ളൈകോയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകൾ സംഘടിപ്പിക്കും. ഇത്തരത്തിലുള്ള ഓണച്ചന്തകൾക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഹാളുകൾ വിട്ടു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓണത്തിന് എ.പി.എൽ വിഭാഗത്തിന് പത്ത് കിലോ അരിയും സ്കൂൾ കുട്ടികൾക്ക് അഞ്ച് കിലോ അരിയും സൗജന്യമായി നൽകും. ആദിവാസി കുടുംബങ്ങൾക്കും ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഓണക്കാലത്തുണ്ടാകുന്ന വിലക്കയറ്റം പിടിച്ചു നിർത്താൻ ഇത്തവണ സർക്കാർ പ്രത്യേക പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. താലൂക്ക്-ജില്ലാ തലത്തിൽ ഇതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാനായി ഫോൺ നമ്പർ നൽകും. ഇതിനായി പ്രത്യേകം ഓഫിസർമാരേയും നിയോഗിക്കും. ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികൾ ഹോർട്ടികോർപ് വഴിയായിരിക്കും വിതരണം ചെയ്യുക. ഓണക്കാലത്തെ പാചക വാതക ലഭ്യത ഉറപ്പുവരുത്താനായി എണ്ണക്കമ്പനികളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളപ്പിറവിയുടെ 60ാം വാർഷികം വിപുലമായി ആഘോഷിക്കും. ഇതിന് ടൂറിസം മന്ത്രി എ.സി മൊയ്തീൻ കൺവീനറായ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുബൈയിലുണ്ടായ വിമാനാപകടത്തിൽ യാത്രാക്കാരുടെ ജീവൻ രക്ഷിക്കാനായി പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും അനുമോദിക്കും. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഉദ്യോഗസ്ഥന്‍റെ കുടുംബത്തെ അനുശോചനം അറിയിക്കും.

മുടങ്ങിപ്പോയ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിക്കും. ഓക്ടോബറോടെ മൂവായിരം കോടി രൂപയാണ് ഇതിന് വേണ്ടിവരിക. പെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും.