ട്രെയിൻ കൊള്ള: 15 പേർ കസ്റ്റഡിയിൽ

01:16pm 10/08/2016
download (1)
ചെന്നൈ: സേലത്ത് നിന്ന് ട്രെയിന്‍മാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുവന്ന 342 കോടിയില്‍ 5.78 കോടി രൂപ വഴിമധ്യേ കൊള്ളയടിക്കപ്പെട്ട സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറോഡ്-സേലം ഭാഗങ്ങളിൽ നിന്ന് സംശയം തോന്നിയവരെയാണ് കസ്റ്റഡിയിലെടുത്തത്.

സേലം- ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ ഘടിപ്പിച്ച പ്രത്യേക കോച്ചിന്‍െറ മേല്‍ഭാഗം അറുത്തുമാറ്റിയാണ് പണം കവര്‍ന്നത്. അഞ്ച് ബാങ്കുകളില്‍നിന്ന് ശേഖരിച്ച പഴകിയ നോട്ടുകളും നാണയങ്ങളും റിസര്‍വ് ബാങ്കിന്‍െറ ചെന്നൈ ആസ്ഥാന ഓഫിസില്‍ എത്തിക്കാനാണ് ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നത്. നഷ്ടപ്പെട്ട പണം ഇന്ത്യന്‍ ഓവര്‍സിസ് ബാങ്കിന്‍േറതാണ്. തിങ്കളാഴ്ച രാത്രി 10ന് സേലത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍ ചൊവ്വാഴ്ച രാവിലെ 4.40ഓടെ ചെന്നൈ എഗ്മോര്‍ സ്റ്റേഷനിലത്തെി. പണം കൊണ്ടുവന്ന മൂന്ന് കോച്ചുകളിലെ മധ്യഭാഗത്തുള്ളവയിലാണ് മോഷണം നടന്നത്. 342 കോടി രൂപ 226 പെട്ടികളിലാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ ഒരുപെട്ടിയിലെ പണം പൂര്‍ണമായും നഷ്ടപ്പെട്ടു. മറ്റൊരു പെട്ടിയിലെ പാതി പണം മോഷ്ടിക്കപ്പെട്ടു. സമീപത്തെ പെട്ടി തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിന്‍െറ തെളിവുകളുണ്ട്.

സീല്‍ ചെയ്തിരുന്ന കോച്ചുകള്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാവിലെ 11ഓടെ തുറന്നപ്പോഴാണ് മേല്‍ഭാഗം ഒരാള്‍ക്ക് ഇറങ്ങാവുന്നവിധത്തില്‍ അറുത്തുമാറ്റിയത് ശ്രദ്ധയില്‍പെട്ടത്. രണ്ട് ചതുരശ്ര അടി സമചതുരത്തിലാണ് ദ്വാരം ഉണ്ടാക്കിയത്. സേലത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍ പത്ത് സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നു. ബാങ്ക് ജീവനക്കാര്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, പെട്ടികള്‍ കയറ്റിയ ചുമട്ടുതൊഴിലാളികള്‍ തുടങ്ങിയവരെ ചോദ്യം ചെയ്തു. ഇതാദ്യമായാണ് തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ഇത്തരമൊരു കൊള്ള നടന്നതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.