ഓണത്തിന് വിഷരഹിത പച്ചക്കറിയുമായി കെ.സി.സി. ഉഴവൂര്‍ ഫൊറോന Picture

07:16 @m 13/6/2017


ചേറ്റുകുളം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഉഴവൂര്‍ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കിടയില്‍ അടുക്കളതൊട്ട മത്‌സരം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പരിസ്ഥിതി വാരാചരണ ചടങ്ങുകളോടനുബന്ധിച്ച് അംഗങ്ങള്‍ക്ക് ജില്ലാ കൃഷിത്തോട്ടം കോഴായില്‍ നിന്ന് പച്ചക്കറി വിത്തുകള്‍ സൗജന്യമായി അംഗങ്ങള്‍ക്ക് വാങ്ങി നല്‍കി. ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ ചെട്ടിക്കന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ഫൊറോന ചാപ്ലെയിന്‍ റവ.ഫാ. ജേക്കബ് വാളേല്‍ വിത്തു വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.കെ.സി.സി. കോട്ടയം അതിരൂപതാ പ്രതിനിധി ജോസ് തൊട്ടിയില്‍, അബ്രാഹം വെളിയത്ത്, ഫാ. സൈമണ്‍ പുല്ലാട്ട്, സിറിയക്ക് ചൊള്ളമ്പേല്‍, റ്റി.സി. സ്റ്റീഫന്‍ തോട്ടത്തില്‍, തോമസ് അമ്പലത്തറ എന്നിവര്‍ പ്രസംഗിച്ചു.

ഓരോ ഇടവകയിലേയും കെ.സി.സി. അംഗങ്ങള്‍ക്ക് അടുക്കള തോട്ടത്തിലേയ്ക്കാവശ്യമായ വിത്തുകള്‍ നല്‍കും. അതാത് ഇടവകകളില്‍ ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ വിദഗ്ധ സമിതി സന്ദര്‍ശിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നിശ്ച്ചയിച്ച് സമ്മാനങ്ങള്‍ നല്‍കും. ഫൊറോനയില്‍ നിന്നുള്ള ജഡ്ജിംഗ് പാനല്‍ ഓരോ ഇടവകകളിലേയും ഒന്ന് രണ്ട് സ്ഥാനങ്ങള്‍ നേടിയ അടുക്കളത്തോട്ടങ്ങള്‍ വിലയിരുത്തി ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ഫൊറോന തലത്തില്‍ തെരഞ്ഞെടുത്ത് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്ന വിധത്തിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. വിഷരഹിതമായ പച്ചക്കറി വിത്തുകള്‍ വീടുകളില്‍ തന്നെ കൃഷി ചെയ്ത് ആരോഗ്യ പരിപാലനവും, കൃഷി ചെയ്യുന്നതിന് അംഗങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫൊറോന സമിതി നല്‍കുന്ന വിത്തുകള്‍ കൂടാതെ അതാത് യൂണിറ്റുകള്‍ക്ക് കൂടുതല്‍ വിത്തുകള്‍ അംഗങ്ങള്‍ക്ക് വാങ്ങി നല്‍കാം. കൂടാതെ ഓരോ അംഗങ്ങള്‍ക്കും ആവശ്യമായ വിത്തുകള്‍ നടുന്നതിനും മികച്ച വിളവ് സൃഷ്ടിച്ച് മത്‌സരം കൂടുതല്‍ ആവേശകരമാക്കാനുമുള്ള അവസരമുണ്ട്.