ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ നേതൃത്വത്തില്‍ പാകിസ്ഥാന്റെ തീവ്രവാദനയത്തിനെതിരെ ന്യൂയോര്‍ക്ക് യുഎന്‍ ആസ്ഥാനത്തു പ്രതിഷേധം ആളിക്കത്തി

08:47 am 23/9/2016

Newsimg1_99882950
ന്യൂയോര്‍ക്ക്: ലോക രാഷ്ട്രങ്ങളുടെ പ്രതിനിധി സമ്മേളനം ന്യൂയോര്‍ക്ക് യു എന്‍ ആസ്ഥാനത്തു നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 21 ഉച്ചക്കുശേഷം പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അഭിസംബോധനയുണ്ടായിരുന്നു. തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചു അവര്‍ക്കു എല്ലാവിധ സഹായവും ചെയ്തുകൊടുത്തു അവര്‍ക്കു പ്രചോദനമേകി ലോകമെമ്പാടും തീവ്രവാദത്തിന്‍റെ വിത്തു പാകുന്ന, നിരപരാധികളുടെ ജീവനെടുക്കുന്ന പാകിസ്ഥാന്റെ നയംമാറ്റിയില്ലെങ്കില്‍ നല്ല വിലകൊടുക്കേണ്ടി വരുമെന്ന സന്ദേശം നൂറു കണക്കിന് വരുന്ന സാധാരണ ജനങ്ങള്‍ പാക്കിസ്ഥാനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ വഴി നല്‍കുന്നതില്‍ വിജയിച്ചു. ധാരാളം മീഡിയകളും ഈ വന്‍ പ്രതിഷേധം കവര്‍ ചെയ്യാനെത്തിയിരുന്നു. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെ നേതൃത്വത്തില്‍ എച് എസ് എസ്, വി എച് പി, തുടങ്ങി ധാരാളം സംഘടനാ ഭാരവാഹികളും ബലൂചിസ്ഥാനില്‍ നിന്നുള്ള സഹോദരങ്ങളും കാശ്മീരി സഹോദരങ്ങളും ഈ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സജീവമായി പങ്കെടുത്തു. ന്യൂജേഴ്‌­സി, ന്യൂയോര്‍ക്ക്, വാഷിംഗ്­ടണ്‍ ഡി സി, ആല്‍ബനി, തുടങ്ങി ദൂരെ ദിക്കുകളില്‍ നിന്ന് പോലും മണിക്കൂറുകള്‍ ഡ്രൈവ് ചെയ്തു പ്രവൃത്തിദിവസമായ ഇന്നലെ ആളുകള്‍ എത്തിയിരുന്നു.

ബലൂചിസ്ഥാന്‍ പ്രതിനിധീകരിച്ചു അഹമ്മദ് മസ്തിഖാന്റെ നേതൃത്വത്തില്‍ എത്തിയവര്‍ പാകിസ്ഥാന്‍ ബലൂചിസ്ഥാനില്‍ നടത്തുന്ന വിധ്വംസകപ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുകയുണ്ടായി. പതിനായിരക്കണക്കിന് ബലൂചികളാണ് അപ്രത്യക്ഷമായിരിക്കുന്നത്. ഇന്ത്യയുടേയും നരേന്ദ്രമോദിയുടെയും സപ്പോര്‍ട്ടിനെ അദ്ദേഹം ശഌഘിച്ചു. ഭാരതത്തിനും നരേന്ദ്രമോദിക്കും ജയ് വിളിച്ചു പാകിസ്താനെതിരെ ശക്തമായ പ്രതിഷേധം കാഴ്ചവച്ചു. കാശ്മീരി പണ്ഢിത്തുകളും അവരുടെ പ്രതിഷേധം അറിയിക്കാന്‍ വളരെ ശക്തമായി സംസാരിക്കുകയുണ്ടായി. ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബി ജെ പിയുടെ ദേശീയ അധ്യക്ഷന്‍ കൃഷ്ണ റെഡ്­ഡി, മുന്‍ അധ്യക്ഷന്‍ ഡോ അടപ്പ പ്രസാദ്, ന്യൂ യോര്‍ക്ക് കണ്‍വീനര്‍ ശിവദാസന്‍ നായര്‍, തുടങ്ങി ധാരാളം പ്രവര്‍ത്തകര്‍ പങ്കെടുത്തു ന്യൂ യോര്കില്‍ പാകിസ്ഥാനെതിരെ ഒരു തരംഗം സൃഷ്ടിക്കാനായി എന്നത് തീവ്രവാദത്തിനെതിരെ ചിന്തിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

ഈ പ്രതിഷേധം ഇവിടെ അവസാനിക്കുന്നില്ല, പാകിസ്ഥാനെതിരെ ആക്ഷന്‍ എടുക്കുന്നത് വരെ ഇത് തുടരുമെന്ന് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയെ പ്രതിനിധീകരിച്ചു ഡോ അടപ്പ പ്രസാദ് അറിയിച്ചു.