ഔദാര്യത്തിനു കാത്തുനില്‍ക്കാതെ നന്ദിനി യാത്രയായി, വേദനകളില്ലാത്ത ലോകത്തേക്ക്

08:20am 4/6/2016

Newsimg1_53771846
തൃശൂര്‍: സര്‍ക്കാരിന്റെ ഔദാര്യത്തിനു കാത്തുനില്‍ക്കാതെ നന്ദിനി യാത്രയായി.

മുറിച്ചുനീക്കപ്പെട്ട കാലുമായി ജോലിക്കായി പൊരുതിയ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ നന്ദിനി സി.മേനോന്‍ (45) തൃശൂര്‍ അമല ആശുപത്രിയില്‍ ഇന്നലെ അന്തരിച്ചു.

പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരന്‍ അമിതാവ് ഘോഷിന്റെ ‘കൊല്‍ക്കത്ത ക്രോമസോം’ ഉള്‍പ്പെടെ നാലു പ്രമുഖ കൃതികള്‍ നന്ദിനി മലയാളത്തിലേക്കു തര്‍ജമ ചെയ്തിട്ടുണ്ട്. വൃക്കരോഗികള്‍ക്കു സഹായമേകാന്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയായും അഭിഭാഷകയായും അധ്യാപികയായും പ്രവര്‍ത്തിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീടു നടക്കും.

കടുത്ത രോഗപീഡകളാല്‍ വലഞ്ഞിരുന്ന നന്ദിനിക്കു കാലടി സംസ്കൃത സര്‍വകലാശാലയില്‍ ജോലി നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭ തീരുമാനമെടുത്തിരുന്നെങ്കിലും ജോലിക്കായി കാത്തുനില്‍ക്കാതെയാണ് നന്ദിനി മരണത്തിനു കീഴടങ്ങിയത്. അമ്മയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് ഓട്ടിസം ബാധിതനായ ഏകമകന്‍ യദുകൃഷ്ണന്‍.

പ്രവര്‍ത്തനം നിലച്ച വൃക്കകളും തകരാറിലായ ഹൃദയവും മുറിച്ചുനീക്കപ്പെട്ട കാലുമായി ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നു തൃശൂര്‍ അയ്യന്തോള്‍ സ്വദേശിനി നന്ദിനി സി.മേനോന്‍. കാലടി സര്‍വകലാശാലയില്‍ അധ്യാപകനായിരിക്കെ മരിച്ച ഭര്‍ത്താവിന്റെ ജോലി ആശ്രിത നിയമനംവഴി ലഭിക്കാന്‍ നന്ദിനിക്ക് അര്‍ഹതയുണ്ടായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തഴയപ്പെട്ടു.