കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന് തിരിച്ചെത്താന്‍ നാല് മാസം കൂടി

06:00pm 26/04/2016
download (1)
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ അനാരോഗ്യത്തിന്റെ പേരില്‍ ഇറ്റലിയിലേക്കു പോയ പ്രതി ലത്തോറെ മാര്‍സി മിലാനോക്ക് ഇന്ത്യയില്‍ തിരിച്ചത്തൊന്‍ സുപ്രീംകോടതി സെപ്റ്റംബര്‍ 30 വരെ സാവകാശം അനുവദിച്ചു. അതേസമയം, ഇക്കാലയളവിനുള്ളില്‍ ലത്തോറെ തിരിച്ചെത്തുമെന്ന ഉറപ്പ് എഴുതി നല്‍കാന്‍ കോടതി ഇറ്റലിയോട് നിര്‍ദേശിച്ചു. ലത്തോറയെ സ്വന്തംരാജ്യത്ത് ഒരു വര്‍ഷം താമസിപ്പിക്കണമെന്ന ഇറ്റലിയുടെ അപേക്ഷ സുപ്രീംകോടതി തള്ളി.

കടല്‍ക്കൊല കേസ് വിചാരണ നടത്താന്‍ ഇന്ത്യക്കാണ് അധികാരമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. കേസ് ഇനി സെപ്റ്റംബര്‍ 20ന് കോടതി വീണ്ടും പരിഗണിക്കും. 2014 ആഗസ്തില്‍ പക്ഷാഘാതം വന്നതിനെത്തുടര്‍ന്നാണ് ലത്തോറക്ക് നാട്ടില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നത്. നാലുമാസത്തേക്ക് നല്‍കിയ കാലാവധി ഇറ്റലിയുടെ അപേക്ഷയില്‍ സുപ്രീംകോടതി നീട്ടിനല്‍കുകയായിരുന്നു. നേരത്തേ ജനുവരി 15നകം തിരിച്ചുവരണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. ഈ സമയപരിധി മൂന്നര മാസത്തേക്കു കൂടി നീട്ടി ഏപ്രില്‍ 30 വരെ സാവകാശം അനുവദിച്ചിരുന്നു. കടല്‍ക്കൊല കേസിലെ രണ്ടാമത്തെ പ്രതി സല്‍വതോര്‍ ഗിറോണ്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് കഴിയുന്നത്‌