കണ്ണൂരിൽവീണ്ടും രാഷ്ടീയ കൊലപാതകം.

11:45 AM 12/07/2016

download (4)
പയ്യന്നൂര്‍: കണ്ണൂരിലെ രാമന്തളിയിലും അന്നൂരിലും വീണ്ടും രാഷ്ടീയ കൊലപാതകം. രാമന്തളിയിൽ സി.പി.എം പ്രവർത്തകനും അന്നൂരിൽ ബി.എം.എസ് പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. രാമന്തളി കുന്നരുവില്‍ സി.പി.എം പ്രവര്‍ത്തകനെ മുഖം മൂടി സംഘം വെട്ടിക്കൊന്നു. ഡി.വൈ.എഫ്.ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനുമായ കുന്നരു കാരന്താട്ടെ സി.വി. ധനരാജ് (42) ആണ് വെട്ടേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 ഓടെ ധനരാജിന്‍റെ വീട്ടുമുറ്റത്താണ് സംഭവം.

വീട്ടിലേക്ക് വരുകയായിരുന്ന ധനരാജിനെ ബൈക്കില്‍ പിന്തുടര്‍ന്ന മുഖംമൂടി സംഘം വീട്ടുമുറ്റത്ത് വെച്ച് വെട്ടുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചുവെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം ചൊവ്വാഴ്ച 11 മണിക്ക് പയ്യന്നൂരില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം ഉച്ചക്ക് കുന്നരു കാരന്താട്ടില്‍ നടക്കും.

ധനരാജ് കൊല്ലപ്പെട്ടതിന് പിന്നാലെ അര്‍ധരാത്രി ഒരു മണിയോടെ ബി.എം.എസ് പയ്യന്നൂര്‍ മേഖലാ പ്രസിഡന്‍റും പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറുമായ സി.കെ രാമചന്ദ്രനും (52) വെട്ടേറ്റു മരിച്ചു. അന്നൂരിലെ വീട്ടില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം രാമചന്ദ്രനെ വെട്ടുകയായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരിച്ചിരുന്നു. കാരയില്‍ ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹക് പി. രാജേഷിന്‍റെ വീടിനും ബേക്കറിക്കും നേരെ ആക്രമണമുണ്ടായി. വാഹനം അക്രമികൾ തകർത്തു.

ധനരാജിന്‍റെ കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ചൊവ്വാഴ്ച സി.പി.എം ഹർത്താൽ ആചരിക്കും. അന്നൂരിലെ അക്രമങ്ങൾക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.