കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശം: രേഖകള്‍ ജയിംസ് കമ്മിറ്റി ഇന്ന് പരിശോധിക്കും

10:00 AM 31/10/2016
download (1)
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനടപടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റി തിങ്കളാഴ്ച പ്രവേശരേഖകള്‍ പരിശോധിക്കും. ഹൈകോടതിവിധിയുടെ അടിസ്ഥാനത്തിലാണ്നടപടി. രണ്ട് കോളജുകളിലെയും പ്രവേശത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി ജയിംസ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. കോടതിനിര്‍ദേശവും ജയിംസ് കമ്മിറ്റി ഉത്തരവുകളും ലംഘിച്ചതിന് രണ്ട് കോളജുകള്‍ക്കും കോടതി ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു.
അപേക്ഷകള്‍ നല്‍കിയവരുടെ വിശദാംശങ്ങളും രേഖകളും മാനേജ്മെന്‍റുകള്‍ ഒക്ടോബര്‍ 31ന് രാവിലെ 10ന് മുമ്പ് കമ്മിറ്റി മുമ്പാകെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. രേഖകള്‍ പരിശോധിച്ചശേഷം പ്രവേശകാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ജയിംസ് അറിയിച്ചു.
മെറിറ്റ് അട്ടിമറിച്ചാണ് രണ്ട് കോളജുകളിലും പ്രവേശം നടത്തിയതെന്ന് നേരത്തേ കമ്മിറ്റി കണ്ടത്തെിയിരുന്നു. ഇതേതുടര്‍ന്ന് രണ്ട് കോളജുകളിലെയും പ്രവേശം റദ്ദ് ചെയ്യുകയും പ്രവേശപരീക്ഷാകമീഷണറോട് നേരിട്ട് അലോട്ട്മെന്‍റ് നടത്താനും നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ രണ്ട് കോളജുകളും കോടതിയെ സമീപിച്ചതിനെതുടര്‍ന്നാണ് ഇപ്പോഴത്തെ കോടതിവിധി.