കപ്പൽ നീക്കണമെന്ന ആവശ്യവുമായി കൊല്ലത്ത് കലക്ട്രേറ്റ് ഉപ

12:48am 14/07/2016
20160714_090643
കൊല്ലം: ഇരവിപുരം മുണ്ടക്കൽ കച്ചിക്കടവ് തീരത്ത് കരക്കടിഞ്ഞു കിടക്കുന്ന കൂറ്റൻ മണ്ണുമാന്തി കപ്പൽ നീക്കി തീരദേശത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായി തീരദേശ വാസികൾ കൊല്ലം കലക്ട്രേറ്റ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന് തീരദേശ വാസികളാണ് ഉപരോധ സമരത്തിൽ പങ്കെടുത്തത്. ഇരവിപുരം ഇടവക വികാരി ഫാ. മിൽട്ടന്‍റെ നേതൃത്വത്തിലാണ് ഉപരോധം. കളക്ട്രേറ്റിന്‍റെ ഗേറ്റുകൾ സമരക്കാർ വളഞ്ഞിരിക്കുകയാണ്. കപ്പൽ തീരത്തടിഞ്ഞ് കയറിയതിനെ തുടർന്ന് കാക്ക തോപ്പ് ഭാഗത്തെ തീരം കടലെടുത്തു തുടങ്ങിയതോടെയാണ് തീരദേശ വാസികൾ സമരവുമായി രംഗത്തിറങ്ങിയത്.

കപ്പല്‍ തീരത്തടിഞ്ഞ് മണ്‍കൂന രൂപപ്പെട്ടതോടെ കച്ചിക്കടവ് തീരപ്രദേശത്ത് കടല്‍കയറ്റം രൂക്ഷമാകുകയും തെങ്ങുകളും കരയും കടലെടുക്കുകയും ചെയ്തു. കച്ചിക്കടവ് മുതല്‍ കാക്കതോപ്പ് വരെ തീരപ്രദേശത്തുള്ള നിരവധി വീടുകള്‍ ഏതുസമയവും കടലെടുക്കാവുന്ന നിലയിലാണ്. തീരത്തോട് ചേര്‍ന്നുള്ള വീടുകളിലെ ശുചിമുറികള്‍ പലതും തകര്‍ന്നു. 25ഓളം തെങ്ങുകളാണ് ശക്തമായ വേലിയേറ്റത്തില്‍പെട്ട് കടപുഴകിയത്.

ഒരു മാസം മുമ്പാണ് കൊല്ലം പോര്‍ട്ടിന് പുറത്ത് കടലില്‍ നങ്കൂരമിട്ടിരുന്ന മുംബൈ ആസ്ഥാനമായ കമ്പനിയുടെ ‘ഹെന്‍സിതാ’ എന്ന കപ്പല്‍ നങ്കൂരം തകര്‍ന്ന് ഇരവിപുരം കച്ചിക്കടവ് തീരത്തണഞ്ഞത്.