നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്

12:50pm 14/7/2016
download (3)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകുന്നതിലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെതിരായ കേസ് വിഷയത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ.ദാമോദരന്‍ സര്‍ക്കാരിനെതിരേ കോടതിയില്‍ ഹാജരാകുന്ന വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉന്നയിച്ചത്. നടപടി അധാര്‍മികമാണെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് നാളെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ജിഷയുടെ ഘാതകന് വേണ്ടി കോടതിയില്‍ ഹാജരായാലും അത്ഭുതപ്പെടാനില്ലെന്ന് കളിയാക്കി. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ സഹായിക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്‌ടോ എന്നും പ്രതിപക്ഷം ചോദിച്ചു.

ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയ മുഖ്യമന്ത്രി ദാമോദരനെ പൂര്‍ണമായി പിന്തുണച്ചാണ് സംസാരിച്ചത്. തന്റെ നിയമോപദേശകനായി ദാമോദരന്‍ പ്രവര്‍ത്തിക്കുന്നത് പ്രതിഫലം പറ്റാതെയാണെന്നും അദ്ദേഹത്തിന് ഏത് കേസ് വേണമെങ്കിലും ഏറ്റെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ നിയമമന്ത്രി എ.കെ.ബാലനും പ്രതിപക്ഷ നേതാവും തമ്മില്‍ സഭയില്‍ വാക്‌പോരുണ്ടായി.

ഭൂമി പണയം വച്ച് പണം തട്ടിയെന്ന പേരില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ക്ക് എതിരേ ഉയര്‍ന്ന പരാതിയും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. അദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഭൂമി പണയം വച്ച് പണം തട്ടിയെന്ന പേരില്‍ കോഴിക്കോട് കോടതിയിലാണ് ശ്രീധരന്‍ നായര്‍ക്കെതിരേ പരാതി ലഭിച്ചിരിക്കുന്നത്.