കര്‍ഷകന്‍റെ മരണം : റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധം

08:59 am 23/6/2017

കോഴിക്കോട്: പേരാമ്പ്ര ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ കര്‍ഷകന്‍ കാവില്‍പുരയിടത്തില്‍ ജോയി ജീവനൊടുക്കിയ സംഭവത്തില്‍ റവന്യൂ വകുപ്പിനെതിരേ പ്രതിക്ഷേധം ശക്തമായി. ചക്കിട്ടപാറ പഞ്ചായത്തില്‍ ഇന്നലെ ഹര്‍ത്താലാചരിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്കൂളുകളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. സംഭവത്തില്‍ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്‍റിനെയും ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. ചെമ്പനോട അങ്ങാടിക്കടുത്തു കാട്ടിക്കുളത്ത് കാവില്‍പുരയിടത്തില്‍ ജോയി (57)യുടെ മരണവുമായി ബന്ധപ്പെട്ട് ചെമ്പനോട വില്ലേജ് ഓഫീസര്‍ സി.എ. സണ്ണി , മുന്‍ വില്ലേജ് അസിസ്റ്റന്‍റ് സിലീഷ് തോമസ് എന്നിവരെയാണ് സംഭവ സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ യു.വി ജോസ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ജോയിയുടെ കൈവശ ഭൂമിക്കുനികുതി സ്വീകരിക്കാനും നടപടിയായി. ഇതു സംബന്ധിച്ച് കൊയിലാണ്ടി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ രാവിലെ സ്ഥലം സന്ദര്‍ശിച്ച് ജോയിയുടെ ബന്ധുക്കളും നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മരണത്തിനു കാരണക്കാരനാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്ന സിലീഷ് തോമസ് നിലവില്‍ കൂരാച്ചുണ്ട് വില്ലേജ് ഓഫീസിലെ സ്‌പെഷല്‍ ഗ്രേഡ് വില്ലേജ് ഓഫീസറാണ്. അടുത്തകാലം വരെ ചെന്പനോട വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റായിരുന്ന സിലീഷിനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് സ്ഥലം സന്ദര്‍ശിച്ച കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി. ജോസ് ആണ് നാട്ടുകാരെയും മാധ്യമങ്ങളെയും അറിയിച്ചത്. സംഭവത്തക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ തന്നെ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയിരുന്നു. ജോയിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിന് മുമ്പ് പ്രശ്‌നത്തില്‍ നടപടിയുണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണു വില്ലേജ് അസിസ്റ്റന്‍റിനെ സസ്‌പെന്‍ഡ് ചെയ്തത്.

ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്‍റെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്നാണു ജോയി ജീവനൊടുക്കിയതെന്ന് അയല്‍വാസികളും ബന്ധുക്കളും പറഞ്ഞു. നികുതി സ്വീകരിക്കാത്ത വില്ലേജ് ഓഫീസ് നടപടിക്കെതിരേ ജോയിയും ഭാര്യയും ഒരു വര്‍ഷം മുമ്പ് വില്ലേജ് ഓഫീസിന് മുന്നില്‍ സമരം നടത്തിയിരുന്നു.