കറുത്തവര്‍ഗക്കാരന്‍െറ കൊല; അമേരിക്കയില്‍ പ്രതിഷേധം പടരുന്നു

09:58am 08/07/2016
Emmanuel_Chidi_070716
ലൂയീസിയാന: കറുത്തവര്‍ഗക്കാരനെ വെള്ളക്കാരായ പൊലീസുകാര്‍ വെടിവെച്ച് കൊലപ്പെടുത്തിയതിനെതിരെ അമേരിക്കയില്‍ പ്രതിഷേധം പുകയുന്നു. ലൂയീസിയാന സംസ്ഥാനത്തെ ബാറ്റന്‍ റൗഗിലെ ട്രിപ്ള്‍ മാര്‍ട്ട് എന്ന കടക്കു മുന്നില്‍ സീഡി വില്‍ക്കുകയായിരുന്ന ആള്‍ട്ടന്‍ സ്റ്റെര്‍ലിങ് (37)എന്ന കറുത്തവര്‍ഗക്കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. യുവാവിനെ ബാറ്റന്‍ റൗഗ് പൊലീസിലെ രണ്ടുപേര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി നെഞ്ചില്‍ തോക്കുചേര്‍ത്ത് നിറയൊഴിക്കുകയായിരുന്നു. സംഭവത്തിന്‍െറ നിരവധി മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസിനെതിരെ ബാറ്റന്‍ റൗഗില്‍ കറുത്തവരുടെ വന്‍ പ്രതിഷേധമുയര്‍ന്നു. സ്റ്റെര്‍ലിങ് കൊല്ലപ്പെട്ട കടക്കുസമീപമുള്ള റോഡുകളില്‍ സമരക്കാര്‍ ഗതാഗതം തടഞ്ഞു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ലൂയീസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേഡും നീതികാര്യവകുപ്പിനു കീഴിലെ പൗരാവകാശ വിഭാഗവും പ്രത്യേകം അന്വേഷണത്തിന് ഉത്തരവിട്ടു.
നിര്‍ത്തിയിട്ട കാറിനുസമീപം നില്‍ക്കുകയായിരുന്ന ചുവന്ന ഷര്‍ട്ടിട്ട യുവാവിനെ രണ്ടു പൊലീസുകാര്‍ ബലംപ്രയോഗിച്ച് നിലത്തു വീഴ്ത്തുന്നതും അനങ്ങാന്‍ പറ്റാതെ കിടക്കുന്ന യുവാവിന്‍െറ നെഞ്ചോട് ചേര്‍ത്ത് പൊലീസുകാരിലൊരാള്‍ നിറയൊഴിക്കുന്നതുമാണ് ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ഒന്നിലേറെ വെടിയേറ്റാണ് സ്റ്റെര്‍ലിങ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
തോക്കുധാരിയായ ഒരാള്‍ പരിസരത്തുണ്ടെന്ന അജ്ഞാത സന്ദേശത്തെതുടര്‍ന്നാണ് പൊലീസ് സ്ഥലത്തത്തെിയതെന്ന് ബാറ്റന്‍ റൗഗ് പൊലീസ് വക്താവ് പറഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ക്ക് തോക്ക് കൊണ്ടുനടക്കാന്‍ അവകാശമുള്ള സംസ്ഥാനമാണ് ലൂയീസിയാന. പൊലീസുകാരന്‍ സ്റ്റെര്‍ലിങ്ങിനുനേരെ തോക്കുചൂണ്ടിയെന്നും തൊട്ടു പിന്നാലെയത്തെിയ പൊലീസുകാരന്‍ യുവാവിനെ കീഴ്പ്പെടുത്തി താഴെയിടുകയുമായിരുന്നുവെന്ന് മറ്റൊരു സാക്ഷി പ്രാദേശിക ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.