കലക്ടര്‍ ബ്രോക്ക് ഹൈക്കോടതിയുടെ വക രൂക്ഷ വിമര്‍ശനം

12.33 AM 15-07-2016
collector
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തിയ കേസിലെ പ്രതിക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി എടുക്കാത്ത കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശന്തിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മനുഷ്യക്കടത്തു കേസിലെ പ്രതിക്കെതിരെ കോഴിക്കോട് കലക്ടര്‍ എന്തുകൊണ്ടാണ് ഗുണ്ടാനിയമ പ്രകാരം നടപടി എടുക്കാത്തതെന്ന് വ്യക്തമാക്കാന്‍ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ വിശദീകരണത്തിനു സ്റ്റേറ്റ് അറ്റോണി അഡ്വ. സോഹന്‍ കൂടുതല്‍ സമയം തേടിയതോടെ ജസ്റ്റിസ് കെ.ടി ശങ്കരന്‍, ജസ്റ്റിസ് എ ഹരിപ്രസാദ്
എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹരജി 26 ലേക്ക് മാറ്റി.
മനുഷ്യക്കടത്തു കേസിലും പീഡനക്കേസുകളിലും പ്രതിയായ കോഴിക്കോട് സ്വദേശി ബാവക്ക എന്നു വിളിക്കുന്ന സുഹൈല്‍ തങ്ങള്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം (കാപ്പ ആക്ട്) നടപടിയെടുക്കാന്‍ ജില്ലാ പൊലിസ് മേധാവി കലക്ടര്‍ക്ക് ശിപാര്‍ശ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോഴിക്കോട് പുനര്‍ജ്ജനി ചാരിറ്റബിള്‍ ട്രസ്റ്റിലെ പിപി സപ്‌ന നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.
കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് ഗുണ്ടാ നിയമത്തെക്കുറിച്ച് വലിയ അറിവില്ലെന്നാണ് നടപടിക്രമങ്ങളില്‍ നിന്ന് മനസിലാകുന്നതെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. എന്തു കാരണത്താലാണ് ഇത്തരമൊരു നിലപാട് കലക്ടര്‍ സ്വീകരിച്ചതെന്ന് അറിയണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സുഹൈല്‍ തങ്ങള്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്ക് 2012 ല്‍ കോഴിക്കോട് ജില്ലാ പൊലിസ് മേധാവി ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഇതു നിഷേധിച്ച കലക്ടര്‍ തന്റെ നടപടി ഹൈക്കോടതിയില്‍ ന്യായീകരിച്ചു. അന്നും കലക്ടറുടെ നടപടിയെ വിമര്‍ശിച്ച ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ കാപ്പ നിയമപ്രകാരം നടപടിയെടുക്കാമെന്ന് അഡി. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്‍കി. എന്നാല്‍ സുഹൈല്‍ തങ്ങള്‍ ഒരുകേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്നും മറ്റു കേസുകളില്‍ കാപ്പ ചുമത്താന്‍ കഴിയുമെങ്കിലും ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ നടപടി വേണ്ടെന്നുമാണ് കലക്ടര്‍ വിശദീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.