കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ നുണപരിശോധനാഫലം പൊലീസിന് ലഭിച്ചു.

06:54 pm 19/11/2016
download (7)

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ നുണപരിശോധനാഫലം പൊലീസിന് ലഭിച്ചു. നുണപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് ആറു പേരെയാണ് നുണപരിശോധനക്ക് വിധേയരാക്കിയത്. പൊലീസിന് നല്‍കിയ മൊഴി തന്നെ നുണപരിശോധനയിലും ഇവർ ആവര്‍ത്തിച്ചു.

നുണപരിശോധനയില്‍ കേസ് അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണസംഘം കരുതിയിരുന്നത്. എന്നാൽ, അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പൊലീസിന് കേസന്വേഷണത്തിന് പുതിയ മാർഗങ്ങൾ തേടേണ്ടിവരും.

മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ അടക്കമുള്ള ബന്ധുക്കൾ നൽകിയ പരാതിയിലാണ് ചാലക്കുടി പൊലീസ് അന്വേഷണം നടത്തുന്നത്. അന്വേഷണം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.

ഒക്ടോബർ 21 മുതൽ 29 വരെ തിരുവനന്തപുരം ഫോറന്‍സിക് ലാബിലാണ് നുണപരിശോധനാ നടന്നത്. മരിക്കുന്നതിന്‍റെ തലേന്ന് മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒൗട്ട് ഹൗസ് ആയ പാഡിയില്‍ ഉണ്ടായിരുന്ന മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സുഹൃത്തുക്കളും സഹായികളുമായ അനീഷ്, വിപിന്‍, മുരുകന്‍, അരുണ്‍ എന്നിവരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.